Mon. Dec 23rd, 2024
വിഴിഞ്ഞം:

റേഷൻ കാർഡ് അപേക്ഷകർക്ക് മുന്നറിയിപ്പ് ഇല്ലാതെ ഫീസ് ഏർപ്പെടുത്തിയതായി പരാതി. പുതിയ റേഷൻ കാർഡ് അപേക്ഷകർക്ക് നൂറു രൂപയുടെ ചെലാനും പേരു കുറവു ചെയ്യൽ, പേരു ചേർക്കൽ, ജില്ല മാറൽ എന്നിവയ്ക്കും പണമൊടുക്കി പ്രത്യേകം ചെലാൻ എടുക്കണമെന്നാണ് വ്യവസ്ഥയെന്നും പരാതി ഉയർന്നു. റേഷൻ കാർഡുകൾ ലഭിക്കുന്നതിന് സപ്ലൈ ഓഫിസിൽ അടക്കേണ്ട ഫീസിനു പുറമെയാണ് ഇത്.

അപേക്ഷ നൽകുന്നതിനുൾപ്പെടെ ഇത്തരം സേവനങ്ങൾക്കായി അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുമ്പോൾ അപേക്ഷകർ അവിടെയും ആവശ്യപ്പെടുന്ന പണം ഒടുക്കണം എന്നതാണു സ്ഥിതി. കോവിഡ് ദുരിതകാലത്ത് ഏർപ്പെടുത്തിയ അധിക നിരക്കുകൾ പിൻവലിക്കണമെന്ന് വിഴിഞ്ഞം തെരുവ് ഭഗത്‌സിങ് റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ ബി സുനിൽകുമാറും പെരുകാവ് വിനോദ് കുമാറും ആവശ്യപ്പെട്ടു.

എന്നാൽ അപേക്ഷിക്കുമ്പോൾ മാത്രമാണ് പണം ഈടാക്കുകയെന്നും കാർഡ് ലഭ്യമാകുന്നതുൾപ്പെടെയുള്ള സേവനങ്ങൾ ലഭിക്കുമ്പോ‍ൾ വീണ്ടും പണം നൽകേണ്ടതില്ലെന്നും ജില്ലാ സപ്ലൈ ഓഫിസ് അധികൃതർ അറിയിച്ചു.

By Divya