Mon. Dec 23rd, 2024

തൃശൂർ:

കാലങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ ജില്ലയിലെ ദേശീയപാത 66 ന്റെ വികസനം യാഥാർഥ്യമാകുന്നു. ചാവക്കാട് താലൂക്കിലെ കടിക്കാട് മുതൽ കൊടുങ്ങല്ലൂർ താലൂക്കിലെ മേത്തലവരെയുള്ള 20 വില്ലേജുകളിൽനിന്ന്‌ 63.5 കിലോമീറ്റർ നീളത്തിൽ 205.4412 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. മൂന്നുമാസത്തിനകം മുഴുവൻ ഭൂമിയും ഏറ്റെടുത്ത് ദേശീയപാത അതോറിറ്റിക്ക് കൈമാറാനുള്ള പദ്ധതിയാണ് തയ്യാറാക്കിയത്.

കുറ്റിപ്പുറം – ഇടപ്പള്ളി നാലുവരിപ്പാതയ്ക്കായി ഭൂമിയേറ്റെടുക്കൽ നടപടികൾ പൂർത്തിയായതോടെ ഭൂമിയുടെ ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള അവാർഡ് രേഖകളുടെ വിതരണോദ്ഘാടനം തിങ്കളാഴ്‌ച പകൽ രണ്ടിന്‌ മേത്തല സിവിൽസ്റ്റേഷൻ ഹാളിൽ മന്ത്രി കെ രാജൻ നിർവഹിക്കും.
ഇരുപത് വില്ലേജുകളിൽനിന്ന്‌ ആറായിരത്തിലേറെപ്പേരുടെ ഭൂമിയാണ് ഏറ്റെടുക്കുക. എട്ട് വില്ലേജുകളിലെ ഏകദേശം 85 ഹെക്ടർ ഭൂമിയുടെ നഷ്ടപരിഹാരത്തുകയായ 1,777 കോടി രൂപ വിതരണം ചെയ്യുന്നതിനുള്ള അനുമതി ദേശീയപാത അതോറിറ്റി നൽകി.

മുഴുവൻ ഭൂമിയും ഏറ്റെടുക്കാൻ 5400 കോടി രൂപ നഷ്ടപരിഹാരമായി നൽകും.
20 വില്ലേജുകളെ ഡെപ്യൂട്ടി കലക്ടറുടെ കീഴിലുള്ള നാല് യൂണിറ്റുകളാക്കി ഓരോ തഹസിൽദാർമാരുടെ കീഴിലാണ് ഭൂമിയേറ്റെടുക്കൽ നടപടി പൂർത്തിയാകുന്നത്. ചാവക്കാട് താലൂക്കിലെ എടക്കഴിയൂർ, ഒരുമനയൂർ, വാടാനപ്പള്ളി, എങ്ങണ്ടിയൂർ വില്ലേജുകളിലെ 12 ഉടമകൾക്ക്‌ ആദ്യമായി നഷ്ടപരിഹാരത്തുകയുടെ രേഖകൾ വിതരണം ചെയ്യും.

രേഖകൾ പൂർണമായി സമർപ്പിക്കുന്നതിനനുസരിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി നഷ്ടപരിഹാരം വിതരണം ചെയ്യും. ഏറ്റെടുക്കുന്ന ഭൂമിയിൽ അവകാശത്തർക്കമുള്ള പക്ഷം തുക കോടതിയിലും കെട്ടി വെയ്ക്കും.രേഖ വിതരണ പരിപാടിയിൽ എംപിമാരായ ബെന്നി ബഹനാൻ, ടി എൻ പ്രതാപൻ, എംഎൽഎമാരായ വി ആർ സുനിൽകുമാർ, ഇ ടി ടൈസൺ, മുരളി പെരുനെല്ലി, എൻ കെ അക്ബർ, സി സി മുകുന്ദൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, കൊടുങ്ങല്ലൂർ നഗരസഭാ ചെയർപേഴ്സൺ എം യു ഷിനിജ, ചാവക്കാട് നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, കലക്ടർ എസ് ഷാനവാസ്, ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ, സ്പെഷ്യൽ ഡെപ്യൂട്ടി കലക്ടർ ഐ പാർവതീദേവി എന്നിവർ പങ്കെടുക്കും.

By Rathi N