Wed. Nov 6th, 2024
ഇട്ടിയപ്പാറ:

സംസ്ഥാനത്തെ എല്ലാ അങ്കണവാടികളും വൈദ്യുതീകരിക്കാനുള്ള പദ്ധതി പഴവങ്ങാടി പഞ്ചായത്തിലെ 41–ാം നമ്പർ അങ്കണവാടിക്ക് തുണയാകുമോ? സ്വന്തമായി കെട്ടിടം ഉണ്ടായിട്ടും പഴവങ്ങാടി പഞ്ചായത്തിൽ വൈദ്യുതി എത്താത്ത ഏക അങ്കണവാടിയാണിത്. പഞ്ചായത്തിലെ ആറ്റുംഭാഗം വാർ‌ഡിൽ ഭഗവതികുന്നിലാണ് തുടക്കത്തിൽ അങ്കണവാടി പ്രവർത്തിച്ചിരുന്നത്. സ്വന്തമായി സ്ഥലമില്ലാത്തതിനാൽ 2011 വരെ അങ്കണവാടിക്ക് കെട്ടിടം പണിതിരുന്നില്ല.

പിന്നീട് പഞ്ചായത്ത് ഭരണസമിതി ഇടപെട്ട് പഴവങ്ങാടിക്കര ഗവ യുപി സ്കൂൾ മുൻപു പ്രവർത്തിച്ചിരുന്ന കാവുങ്കൽപടി ജംക്‌ഷന് സമീപത്തെ സ്ഥലം പ്രയോജനപ്പെടുത്തുകയായിരുന്നു. 2012–13 വർഷം ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഞ്ചായത്ത് കെട്ടിടം പണിതത്.

അടുത്ത കാലത്ത് മേൽക്കൂരയിൽ അലുമിനിയം ഷീറ്റിട്ട് ഹാൾ നിർമിച്ചിരുന്നു. കെട്ടിടത്തിൽ വയറിങ് നടത്തിയിട്ടു കാലങ്ങളായി. മീറ്റർ വയ്ക്കുന്നതിന് പെട്ടിയും സ്ഥാപിച്ചിട്ടുണ്ട്. സമീപ സ്ഥലം ഉടമകളുടെ അനുമതിയില്ലാതെ ഇവിടെ വൈദ്യുതി എത്തിക്കാൻ കഴിയില്ല.

ഇതു സാധ്യമായില്ലെങ്കിൽ അനെർ‌ട്ടിന്റെ പങ്കാളിത്തത്തോടെ സൗരോർജ പാനൽ സ്ഥാപിക്കണം. സർക്കാരിന്റെ പുതിയ തീരുമാനത്തിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് രക്ഷിതാക്കളും കുട്ടികളും.

By Divya