Wed. Nov 6th, 2024

കണ്ണൂർ:

അഴീക്കല്‍ തുറമുഖ വികസനത്തിന് വേഗം കൂട്ടുന്ന ചരക്ക് കപ്പല്‍ സര്‍വീസ് ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ ചരക്കുമായുള്ള കപ്പലിൻറെ കന്നിയാത്ര തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.അഴീക്കലില്‍ നിന്നും നേരിട്ട് കൊച്ചിയിലേക്കാണ് കപ്പലിൻറെ യാത്ര.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ചരക്ക് കപ്പല്‍ ശനിയാഴ്ച അഴീക്കലില്‍ എത്തിയത്. കൊച്ചിയില്‍ നിന്ന് ബേപ്പൂര്‍ വഴിയാണ് എം വി ഹോപ് സെവന്‍ എന്ന കപ്പല്‍ അഴീക്കലില്‍ എത്തിയത്.കൊച്ചിയില്‍ നിന്ന് ബേപ്പൂര്‍ വഴി അഴീക്കലിലേക്കും തിരിച്ചും സ്ഥിരം സര്‍വീസ് ആരംഭിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വലിയ ചരക്ക് കപ്പല്‍ പരീക്ഷണ അടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്നത്.

കൂടുതല്‍ സര്‍വീസുകള്‍ സജ്ജമാക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. വികസന കുതിപ്പേകുന്ന പദ്ധതിക്ക് മുഖ്യമന്ത്രിയും ആശംസകളര്‍പ്പിച്ചു. കൂടുതല്‍ കപ്പല്‍ സര്‍വീസുകള്‍ സാധ്യമായാല്‍ അത് വടക്കന്‍ മലബാറിന്റെ വികസനത്തിലും പ്രതിഫലിക്കും.