Thu. Apr 25th, 2024

മേലാറ്റൂർ:

യുവതയുടെ കൂട്ടായ്​മയിൽ കെട്ടുറപ്പുള്ള വീട്‌ ഒരുങ്ങി, കുഞ്ഞി ഇനി മഴ നനയാതെ ഉറങ്ങും. വെട്ടത്തൂർ മണ്ണാർമല ചീനിക്കപ്പാറ ആദിവാസി കോളനിയിലെ 65കാരിയായ കുഞ്ഞി താൽക്കാലികമായി കെട്ടിയുണ്ടാക്കിയ ചോർന്നൊലിക്കുന്ന വീട്ടിലായിരുന്നു താമസം. ഇവരുടെ ദുരിതം മനസ്സിലാക്കിയ മണ്ണാർമല വിദ്യാപോഷിണി ഗ്രന്ഥാലയവും ഡിവൈഎഫ്ഐ പ്രവർത്തകരുമാണ്‌ ഷീറ്റിട്ട അടച്ചുറപ്പുള്ള വീട്‌ നിർമിച്ചുനൽകിയത്‌​.

നിർമാണത്തിനാവശ്യമായ ഇരുമ്പ്​ പൈപ്പ്​, ഷീറ്റ്, ഓടിൻറെ ടൈൽ തുടങ്ങിയ സാമഗ്രികൾ തലച്ചുമടായി മലമുകളിൽ എത്തിക്കുകയായിരുന്നു. കോളനിയിലെ നിലംപൊത്താറായ രണ്ട്​ വീടുകൾ വായനവാരത്തിൻറെ ഭാഗമായി​ ഗ്രന്ഥാലയം പ്രവർത്തകർ പുനർനിർമിച്ചുനൽകിയിരുന്നു. അഞ്ച്​ കുടുംബങ്ങളിലായി കുട്ടികളുൾപ്പെടെ 13 അംഗങ്ങളാണ്​​ കോളനിയിലുള്ളത്​.

മഴക്കാലമായാൽ ടാർപോളിൻ വലിച്ചുകെട്ടിയ കൂരകൾ ചോർന്നൊലിക്കും. രാത്രികാലങ്ങളിൽ ഭീതിയോടെയാണ്‌ കോളനിവാസികൾ കഴിഞ്ഞത്‌. വീടുകൾ പുനർനിർമിച്ച സന്തോഷത്തിലാണ്‌​​ കുടുംബാംഗങ്ങൾ. ​

കോളനിയിലെ നാല്​ കുടുംബങ്ങൾക്ക്​ ലൈഫിൽ വീട്​ അനുവദിച്ചിട്ടുണ്ടെങ്കിലും അനുയോജ്യമായ ഭൂമി ലഭ്യമാകാത്തതാണ്​ തടസ്സം​. യൂത്ത്​ വെൽഫെയർ ബോർഡ്​ ജില്ലാ കോ–ഓഡിനേറ്റർ കെ പി നജ്​മുദ്ദീൻ, ഗ്രന്ഥാലയം പ്രസിഡന്റ്‌ കെ ജാഫർ, കെ അബ്ബാസ്​, കെ ടി മജീദ്​, കെ സുധാകരൻ, ഫിറോസ്​ കാരാടൻ, കെ ഹൈദരലി, കെ ഹൈദരലി, എം ടി ബഷീർ, കെ അസ്​കർ, കെ യൂസുഫ്​ എന്നിവർ പങ്കെടുത്തു.