Fri. Nov 22nd, 2024
വിതുര:

പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക്‌ ഓൺലൈൻ പഠനത്തിന്‌ കരുത്തായി അയൽപക്ക പഠന കേന്ദ്രങ്ങൾ. ഇന്റർനെറ്റ്‌ കവറേജ്‌ പ്രശ്‌നങ്ങളും ഓൺലൈൻ പഠന സാമഗ്രികളുടെ അപര്യാപ്‌തതയും പഠനത്തെ ബാധിക്കാതിരിക്കാൻ ജില്ലയിൽ 73 അയൽപക്ക പഠന കേന്ദ്രമാണ്‌ സർവശിക്ഷാ കേരള (എസ്‌എസ്‌കെ) ആരംഭിച്ചിട്ടുള്ളത്‌. 12 ബിആർസി പരിധിയിലും പഠന സഹായ കേന്ദ്രമുണ്ട്‌.

കുട്ടികൾക്ക്‌ വീട്ടിൽനിന്ന്‌ നടന്നെത്താവുന്നതും ഇന്റർനെറ്റ്‌ ലഭ്യമാകുന്നതുമായ കെട്ടിടങ്ങളിലാണ്‌ പൊതുജന സഹകരണത്തോടെ പഠന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്‌. അങ്കണവാടി, ഗ്രന്ഥാലയങ്ങൾ, ഹാളുകൾ, പൊതുകെട്ടിടങ്ങൾ എന്നിവയിൽ അകലം പാലിച്ച്‌ കുട്ടികൾക്ക് പഠിക്കാം.

മലയോര മേഖലയിൽ തൊളിക്കോട്, വിതുര, നന്ദിയോട് പഞ്ചായത്തുകളിലെ കടുക്കാക്കുന്ന്‌ ഗവ എൽപിഎസ്‌, മലയടി വലിയകളം ഓപ്പൺ ഹാൾ, കാരയ്ക്കാംതോട് കമ്യൂണിറ്റി ഹാൾ, ജി കെ മെമ്മോറിയൽ ഹാൾ, കുറുപുഴ ഗവ എൽപിഎസ്, കല്ലാർ അങ്കണവാടി എന്നിവിടങ്ങളിൽ മികച്ചരീതിയിൽ അയൽപക്ക പഠന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു.
ആദിവാസി ഊരുകളിൽ പഠനസൗകര്യം ഉറപ്പാക്കാൻ ഊരുമൂപ്പൻമാർ, പഞ്ചായത്ത് അധികൃതർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം.

ആഴ്ചയിൽ നാല് ദിവസംവരെ ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്. കേബിൾ സൗകര്യമുള്ള ടെലിവിഷനിലൂടെ വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ ലഭ്യമാക്കും. ക്ലാസുകൾ വിശകലനം ചെയ്ത് നൽകാൻ ഒരു അധ്യാപികയുമുണ്ടാകും.

കൃത്യമായ ടൈംടേബിളുകളിലാണ് ക്ലാസുകൾ. വെള്ളവും വെളിച്ചവുമുള്ള കാലാവസ്ഥയ്‌ക്ക് അനുസൃതമായ മുറികളാണ് കേന്ദ്രങ്ങൾ. ഫസ്‌റ്റ്‌ ബെൽ ഡിജിറ്റൽ ക്ലാസുകൾ ലഭ്യമാക്കുന്നതിനൊപ്പം ഓൺലൈൻ പഠനത്തിന്‌ സ്‌മാർട്ട്‌ ഫോണുകളും കേന്ദ്രത്തിൽ നൽകുന്നുണ്ട്‌.

മുഴുവൻ കുട്ടികൾക്കും ഓൺലൈനായി പഠിക്കാൻ സ്‌മാർട്‌ ‌ഫോണുകൾ അധ്യാപകരും ജനങ്ങളും ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും‌ വാങ്ങി നൽകിത്തുടങ്ങിയതോടെ കൂടുതൽ പഠനകേന്ദ്രങ്ങൾ ആവശ്യമായി വരില്ലെന്ന്‌ പൊതുവിദ്യാഭ്യാസ വകുപ്പ്‌ ജില്ലാ അധികൃതർ അറിയിച്ചിട്ടുണ്ട്‌.

By Divya