വെള്ളറട:
നിര്‍മാണ പ്രവർത്തനങ്ങള്‍ തുടരുന്ന വെള്ളറട ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തില്‍നിന്ന് മണ്ണ് മോഷ്ടിച്ച് കടത്തിയ സംഭവത്തിൽ വിവാദം മുറുകുന്നു. മണ്ണ് കടത്താനുപയോഗിച്ചതെന്ന് അറിയിച്ച് ഒരു എക്സ്കവേറ്റർ പൊലീസ് സറ്റേഷനിൽ എത്തിച്ചിരുന്നു. എന്നാൽ സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിട്ടുള്ള ഈ എക്സ്കവേറ്റർ മണ്ണ് കടത്താൻ ഉപയോഗിച്ചതല്ലെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
മണ്ണിടിക്കാന്‍ ഉപയോഗിച്ചിരുന്നവയില്‍ ഈ യന്ത്രം ഉണ്ടായിരുന്നില്ലെന്ന് സമീപത്തെ സി സി ടി വിയില്‍നിന്ന് വ്യക്തമാണ്. ഒരാഴ്ച മുമ്പാണ് 7.5 ലക്ഷം രൂപക്ക് മുകളില്‍ ലേലം ചെയ്തുകൊടുക്കാന്‍ തീരുമാനിച്ചിരുന്ന മണ്ണ് രാത്രിയിൽ കടത്തിയത്. മലയോര പ്രദേശത്തെ മണ്ണ് മണല്‍ മാഫിയ സംഘം വഴി പഞ്ചായത്ത് അധികൃതരുടെ ഇടപെടലിലാണ് കച്ചവടം നടത്തിയത്.
മണ്ണ് കടത്തലിനെതിരെ എല്‍ ഡി എഫ് സമരപരിപാടികളുമായി പ്രതിഷേധം ശക്തമാക്കിയപ്പോള്‍ പൊലീസിൻെറ മുഖം രക്ഷിക്കാനായി ഒരു മണ്ണുമാന്തി യന്ത്രം സ്‌റ്റേഷന്‍ വളപ്പില്‍ കൊണ്ടുചെന്നിട്ട് പ്രതികള്‍ മുങ്ങി. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് മണ്ണ് കടത്തിന് ഉപയോഗിച്ച വാഹനങ്ങള്‍ പിടിച്ചെടുത്ത് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഉന്നത പൊലീസ് ഓഫിസര്‍മാര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
മണ്ണ് കടത്ത് വിഷയത്തിൽ ഭരണകക്ഷിയില്‍ തന്നെ ഭിന്നനിലപാടുകൾ ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പഞ്ചായത്ത് പ്രസിഡൻറിനെയും വൈസ് പ്രസിഡൻറിനെയും അനുകൂലിക്കുന്നില്ല.