ആലുവ∙
ദേശീയപാതയിൽ അമ്പാട്ടുകാവ് ബസ് സ്റ്റോപ്പിനു മുൻപിൽ മഴവെള്ളം ഒഴുകിപ്പോകാൻ നിർമിച്ച കോൺക്രീറ്റ് ചേംബറുകൾ സ്ലാബിട്ടു മൂടാത്തത് അപകടങ്ങൾക്കു വഴിവയ്ക്കുന്നു. ഇവിടെ വർഷങ്ങളായി നിലവിലുള്ള വെള്ളക്കെട്ടു പരിഹരിക്കുന്നതിനാണ് അമ്പാട്ടുകാവ് മെട്രോ സ്റ്റേഷൻ മുതൽ കളരിക്കൽ ഭഗവതി ക്ഷേത്രം വരെ കൂറ്റൻ ഭൂഗർഭ പൈപ്പുകൾ സ്ഥാപിച്ചത്. പൈപ്പുകളുടെ അകത്തിറങ്ങി ശുചീകരിക്കാൻ 7 കോൺക്രീറ്റ് ചേംബറുകളും നിർമിച്ചു.
ഇവയ്ക്കു മൂടിക ഉണ്ടായിരുന്നില്ല. പൈപ്പ് കടന്നുപോകുന്ന ഭാഗത്തു കടകൾ വന്നപ്പോൾ പലയിടത്തും വ്യാപാരികൾ സ്വന്തം ചെലവിൽ സ്ലാബുകൾ പണിതിട്ടു. 3 ചേംബറുകൾ ഒഴികെയുള്ളവ അങ്ങനെ മൂടി.
സ്ലാബ് ഇല്ലാത്ത ചേംബറുകൾ ദേശീയപാതയിലേക്കു കയറിയാണു നിൽക്കുന്നത്. 12 അടി താഴ്ചയുണ്ട്. രാത്രിയിലും വെള്ളക്കെട്ടുള്ള സമയത്തും ഇതു കാണാനാവില്ല.
തന്മൂലം ചെറുതും വലുതുമായ അപകടങ്ങൾ ഇടയ്ക്കിടെ ഉണ്ടാകുന്നു. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ എപ്പോഴും ഉണ്ടാകാറുള്ള ബസ് കാത്തിരിപ്പു കേന്ദ്രം തൊട്ടടുത്താണ്. ആളുകൾ അപകടത്തിൽ ചാടാതിരിക്കാൻ മുളക്കഷണങ്ങൾ കൂട്ടിക്കെട്ടി മൂടിക ഉണ്ടാക്കി വച്ചിരിക്കുകയാണു നാട്ടുകാർ.