Fri. Mar 29th, 2024

നാദാപുരം:

അപകടങ്ങളിൽ പെട്ടവരുടെയും രോഗികളുടെയും ജീവൻ രക്ഷിക്കാനായി ആംബുലൻസുമായി കുതിച്ചുപാഞ്ഞിരുന്ന ദീപ സ്വന്തം മകളുടെ ജീവൻ രക്ഷിക്കാനുള്ള പ്രാർഥനയിലാണിപ്പോൾ. പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണ് ദീപയുടെ മകൾ എയ്ഞ്ചൽ മരിയ(13).

കോളജ് ബസ് ഡ്രൈവറായിരുന്നു വിലങ്ങാട് സ്വദേശിനി ദീപ ജോസഫ്.കൊവിഡിനെ തുടർന്നു ജോലി നഷ്ടപ്പെട്ടപ്പോഴാണ് ആംബുലൻസ് ഡ്രൈവറായത്. കല്ലാച്ചി ഗവ എച്ച്‌എസ്‌എസ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ എയ്ഞ്ചലിന് ജൂൺ 30ന് കണ്ണൂർ ഇരിട്ടിയിലെ ബന്ധുവീട്ടിൽ വച്ചാണ് പാമ്പുകടിയേറ്റത്. ആദ്യം പരമ്പരാഗത വിഷചികിത്സയാണ് നൽകിയത്.

സ്ഥിതി വഷളായതോടെ ആശുപത്രിയിലെത്തിച്ചു. തുടർച്ചയായി ഡയാലിസിസിനു വിധേയമാക്കുകയാണിപ്പോൾ. ചികിത്സയ്ക്ക് 10 ലക്ഷം രൂപയോളം വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ദീപയ്ക്ക് ഇത്രയും വലിയ തുക സ്വരൂപിക്കാൻ മാർ‌ഗമില്ലാത്തതിനാൽ ഉദാരമതികളുടെ സഹായം തേടുകയാണ്.