Mon. Dec 23rd, 2024

ചേർപ്പ് :

“പ്രിയപ്പെട്ട മുഖ്യമന്ത്രീ.. എന്റെ പേര് നിവേദിത. ഞാൻ അന്തിക്കാട് ഗവ.ഹൈസ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്നു. എനിക്ക് സ്വന്തമായി മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ ഓൺലൈൻ പഠനം ശരിയായി നടക്കുന്നില്ല.

ഓട്ടോറിക്ഷ ഓടിക്കുന്ന അച്ഛന് ജോലി കുറവായതിനാൽ വരുമാനം കുറവാണ്. എനിക്ക് മൊബൈൽ ഫോൺ ലഭ്യമാക്കാമോ?” ചാഴൂർ വപ്പുഴയിൽ വാലത്ത് രമേഷിന്റെ മകൾ നിവേദിത നാലു ദിവസം മുമ്പാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്.

കത്തിന്റെ പകർപ്പ് കലക്ടർക്കും അയച്ചു. ശനിയാഴ്ച കലക്ടർ എസ്‌ ഷാനവാസ്‌ വപ്പുഴയിലെ വീട്ടിലെത്തി നിവേദിതയ്‌ക്ക് ടാബ് സമ്മാനിച്ചു. കത്തയച്ച വിവരം നിവേദിത അച്ഛനോടും അമ്മയോടും പറഞ്ഞിരുന്നില്ല.

വലിയച്ഛന്റെ കൈയിൽ കൊടുത്തയച്ച് പോസ്റ്റ് ചെയ്യുകയായിരുന്നു. വില്ലേജ് ഓഫീസറും വാർഡ് അംഗം കെ എസ് മോഹൻദാസും വിളിച്ച് വിവരം തിരക്കിയപ്പോഴാണ് ഇക്കാര്യം വീട്ടുകാരറിഞ്ഞത്. നിവേദിതയുടെ അച്ഛൻ കാഞ്ഞാണിയിൽ ഓട്ടോറിക്ഷ തൊഴിലാളിയാണ്.

By Rathi N