പാറശാല:
കോവിഡ് കാലത്ത് ശ്മശാന നിരക്ക് രണ്ടിരട്ടി വർദ്ധിപ്പിച്ച പാറശാല പഞ്ചായത്തിൻ്റെ നടപടി വിവാദത്തിൽ. പഞ്ചായത്തിൻ്റെ നിയന്ത്രണത്തിൽ മുറിയതോട്ടത്ത് ഗ്യാസ് കൊണ്ട് പ്രവർത്തിപ്പിക്കുന്ന ശ്മശാനത്തിലെ നിരക്കാണ് മൂന്ന് ദിവസം മുൻപ് വർദ്ധിപ്പിച്ചത്.
ബിപിഎൽ വിഭാഗത്തിന് ആയിരം രൂപയിൽ നിന്ന് ശുചീകരണ ചെലവ് അടക്കം 3000 രൂപ, എപിഎൽ വിഭാഗത്തിന് രണ്ടായിരത്തിൽ നിന്ന് നാലായിരം രൂപയും ആണ് പുതിയ നിരക്ക്.
തിരുവനന്തപുരം നഗരസഭയുടെ ശാന്തികവാടത്തിൽ ബിപിഎൽ– 850 രൂപ,എപിഎൽ–1700 രൂപയും, മാറനല്ലൂർ പഞ്ചായത്ത് വൈദ്യുതി ശ്മശാനത്തിൽ ബിപിഎൽ– 1500 രൂപ, എപിഎൽ– 2500 രൂപയും ആണ് നിരക്കുകൾ.
മാറനല്ലൂർ ശ്മശാനത്തിൽ അടുത്തിടെ ആണ് 500 രൂപ വീതം വർധിപ്പിച്ചത്. വാണിജ്യ സിലിണ്ടറുകൾക്ക് 1200 രൂപ വരെ വില വരുന്നതും, മൂന്ന് ജീവനക്കാരുടെ വേതനം, വൈദ്യുതി ചെലവ് തുടങ്ങിയവ കണക്കാക്കിയും ആണ് ഒന്നര മാസം മുൻപ് പ്രവർത്തനം ആരംഭിച്ച ശ്മശാനത്തിലെ നിരക്ക് വർധിപ്പിച്ചത് എന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. രണ്ടിരട്ടി നിരക്ക് വർധന വരുത്തിയ നടപടിയിൽ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.