Thu. Apr 25th, 2024
വെഞ്ഞാറമൂട്:

അവർ ആറുപേർ ഇനി സ്വന്തം നാടുകളിലേക്ക്. എങ്ങോട്ടെന്നില്ലാതെ യാത്ര ചെയ്ത് കേരളത്തിലെത്തിയ ഇതര സംസ്ഥാനക്കാർക്ക് താങ്ങായി നിന്ന് ചികിത്സയും താമസസൗകര്യവും നൽകി മികവിന്റെ ലോകത്തിലേക്കു കൈപിടിച്ചുയർത്തിയ വെഞ്ഞാറമൂട് ശ്രദ്ധ കെയർ ഹോം അഭിമാന നിമിഷത്തിലാണ്.

മാനസികനില തെറ്റി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിനിലും മറ്റു വാഹനങ്ങളിലും കേരളത്തിലെത്തിയവരെ സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ പേരൂർക്കട മാനസികാരോഗ്യ ആശുപത്രിയിൽ ചികിത്സ നൽകി രോഗമുക്തി വന്നതിനുശേഷം ബന്ധുക്കൾ തിരികെ ഏറ്റെടുക്കാത്തവരെ പുനരധിവസിപ്പിക്കുന്നതിനുള്ള കേന്ദ്രമാണ് വെഞ്ഞാറമൂട് കെയർ ഹോം.

സർക്കാരിന്റെ ആവശ്യപ്രകാരം സത്യസായി ട്രസ്റ്റിന്റെ സഹായത്തോടെയാണ് ആദ്യം കെയർ ഹോം പ്രവർത്തിപ്പിച്ചിരുന്നത്. പിന്നീട് ജില്ലാ പഞ്ചായത്ത് നടത്തിപ്പ് ഏറ്റെടുത്തു. മാനസികാരോഗ്യ പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഇതര സംസ്ഥാനത്തുള്ളവരെ സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കുന്ന പദ്ധതിയും നടപ്പാക്കുന്നു.

വിവിധ സമയങ്ങളിലായി കെയർ ഹോമിൽ എത്തിയവരിൽ 6 പേർ തിരികെ നാട്ടിൽ പോകുന്നതിനുള്ള സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. തുടർന്ന് സംസ്ഥാന സർക്കാർ അതത് സംസ്ഥാനത്തെ സർക്കാരുമായി ബന്ധപ്പെട്ട് ബന്ധുക്കളെ കണ്ടെത്തി നടപടികൾ സ്വീകരിക്കുകയായിരുന്നു.

ബിഹാർ, യുപി, ഛത്തിസ്ഗഡ് സംസ്ഥാനങ്ങളിലെ ആറു പേരാണ് സ്വന്തം നാട്ടിലേക്കു മടങ്ങുന്നത്. ഇവരെ യാത്രയാക്കുന്ന ചടങ്ങ് 6ന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. തുടർന്ന് സൈക്കോ സോഷ്യൽ പരിശീലനത്തിനായി മലയാറ്റൂരിലെ മാർ വലാഹ് ദയറാ റീഹാബിലിറ്റേഷൻ സെന്ററിൽ എത്തിക്കും. ഇവിടെ പരിശീലനം പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് യാത്രയാകും. സർക്കാർ പ്രതിനിധികൾ സംഘത്തെ അനുഗമിക്കും.

By Divya