Sat. Apr 27th, 2024

പാലക്കാട് ∙
ദേശീയപാത 544ൽ വാളയാർ മുതൽ വടക്കഞ്ചേരി വരെയുള്ള ഭാഗം ഭാര‌ത്‌മാല പദ്ധതിയിൽ ആറുവരിപ്പാതയാക്കാൻ ഭൂമിയെടുപ്പു നടപടികൾ ആരംഭിക്കുന്നു. നിലവിലെ നാലുവരിപ്പാത ആറുവരിയാക്കുന്നതിനാൽ അധിക ഭൂമിയെടുപ്പു വേണ്ടിവരില്ല. ദേശീയപാത വിഭാഗം ഡപ്യൂട്ടി കലക്ടറെയാണു ഭൂമിയെടുപ്പു നടപടികൾക്കു ചുമതലപ്പെടുത്തിയത്.

53.4 കിലോമീറ്റർ പാതയാണു വികസിപ്പിക്കുക. 45 മീറ്റർ വീതിയില്ലാത്ത ഭാഗത്തു മാത്രമാണു കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടി വരിക. നിലവിലെ പാതയിലെ വീതി കൂടിയ ഡിവൈഡറുകൾ മാറ്റി ഒന്നര മീറ്റർ ഉയരത്തിൽ ആധുനിക രീതിയിലുള്ള ക്രാഷ് ബാരിയർ ഉപയോഗിച്ചു വേർതിരിച്ചാണ് ആറുവരിയാക്കുക.

ന്യൂഡൽഹി മീററ്റ് എക്സ്പ്രസ് വേയിൽ പരീക്ഷിച്ച രീതിയാണിത്.ദേശീയപാതയിലെ മീഡിയനുകളിലെ വിടവിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത് അപകടങ്ങൾക്കു കാരണമാകുമെന്നതിനാൽ മേൽപാലങ്ങൾ നിർമിക്കുന്ന രീതിയാണു ദേശീയപാത അതോറിറ്റി ഇപ്പോൾ സ്വീകരിക്കുന്നത്. അങ്ങനെയെങ്കിൽ ആലത്തൂർ, കുഴൽമന്ദം, ഇരട്ടക്കുളം, കണ്ണനൂർ, കാഴ്ചപ്പറമ്പ്, വാളയാർ എന്നിങ്ങനെ സിഗ്നൽ സംവിധാനമുള്ള സ്ഥലങ്ങളിലെല്ലാം മേൽപാലം നിർമിക്കാൻ സാധ്യതയേറി.

കേരളത്തിൽ ഏറ്റവും കൂടുതൽ ചരക്കു ഗതാഗതം നടക്കുന്ന ഈ പാത ആറുവരിയാകുന്നതോടെ ഗതാഗതക്കുരുക്ക് ഇല്ലാതാകും. മേൽപാലം വരുന്നതോടെ ജംക്‌ഷനുകളിലെ അപകടം കുറയും. സിഗ്നൽ തെളിയാൻ വാഹനങ്ങളിലെ കാത്തിരിപ്പിന് ആശ്വാസമാകും.

സർവീസ് റോഡുകൾ കൂടുതലായി നിർമിക്കാനും അടിപ്പാതകൾ നന്നാക്കാനും നടപടിയുണ്ടാകും.

By Rathi N