Sat. Apr 27th, 2024

മുക്കം:

സംരക്ഷണ വലയങ്ങളും രക്ഷയേകുന്നില്ല, ഇരുവഞ്ഞിപ്പുഴയിൽ വീണ്ടും നീർനായ്ക്കളുടെ ആക്രമണം. പുഴയുടെ തെയ്യത്തുംകടവ് ഭാഗത്ത് ഇന്നലെ 3 പേരെ നീർ നായ ആക്രമിച്ച് പരുക്കേൽപിച്ചു. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെയ്യത്തുംകടവ് പാലത്തിന് സമീപം കുളിക്കാനിറങ്ങിയ ജിഫിൻ,റംഷി,അഹമ്മദ് എന്നിവർക്കാണ് കടിയേറ്റത്.നീർനായ്ക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷ ആവശ്യപ്പെട്ട് എൻറെ സ്വന്തം ഇരുവഞ്ഞി കൂട്ടായ്മ മന്ത്രിക്ക് നിവേദനം നൽകി.

വനം വകുപ്പ് അധികൃതർ നേരത്തെ പുഴയിൽ കെണി ഒരുക്കുകയും കൂട്ടായ്മയുടെ നേതൃത്വത്തിൽ കടവുകളിൽ സംരക്ഷണ വലയം തീർക്കുകയും ചെയ്തിരുന്നു. പുഴയിൽ കുളിക്കാനും അലക്കാനും ഇറങ്ങാൻ സ്ത്രീകളും കുട്ടികളും ഭയക്കുന്ന അവസ്ഥയാണ്. വനം വകുപ്പിൻറെ ദ്രുതകർമ സേനയും എത്തിയെങ്കിലും രക്ഷയുണ്ടായില്ല.

ഇരുവ‍ഞ്ഞിപ്പുഴയുടെ മുക്കം നഗരസഭ, കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്ത് അധീനതയിലുള്ള കടവുകളിലാണ് നീർനായ്ക്കളുടെ രൂക്ഷമായ ആക്രമണം. ഇരുവഞ്ഞി കൂട്ടായ്മ ചെയർമാൻ പികെസി മുഹമ്മദ്, കൺവീനർ കെടിഎ നാസർ, പഞ്ചായത്ത് മുൻ അംഗം ജി അബ്ദുൽ അക്ബർ,ടി കെ ജുമാൻ, എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിക്ക് നിവേദനം നൽകിയത്.