Mon. Dec 23rd, 2024

കൊച്ചി:

ജില്ലയിലെ കുടുംബശ്രീ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കിലേക്കെത്തുന്ന പരാതികളിൽ അധികവും ​ഗാർഹികപീഡന പരാതികൾ. കഴിഞ്ഞവർഷം ഏപ്രിൽമുതൽ ഈവർഷം ജൂൺവരെ 1236 പരാതികളാണ് ലഭിച്ചത്. ഇതിൽ‌ 253 എണ്ണം ​ഗാർഹികപീഡന പരാതികളാണ്.

മധ്യവയസ്കരായ സ്ത്രീകളാണ് പരാതിക്കാരിലേറെയും. അഞ്ചുവർഷത്തിലധികം ​ഗാർഹികപീഡനങ്ങൾ സഹിച്ചതിനുശേഷമാണ് ഭൂരിഭാ​ഗവും പരാതിയുമായി എത്തുന്നത്. സ്ത്രീധനവും ​ഗാർഹികപീഡനവും ചർച്ചയാകുന്ന സാഹചര്യത്തിൽ പരാതി പറയാൻ മടിച്ചിരുന്ന പലരും ആത്മധൈര്യത്തോടെ സ്നേഹിതയോട് മനസ്സ് തുറക്കുന്നുണ്ട്.

വിസ്മയയുടെ ആത്മഹത്യക്കുശേഷം 44 പരാതികൾ ലഭിച്ചു. ഇതിൽ 15 എണ്ണം ​ഗാർഹികപീഡന പരാതികളാണ്. ദാമ്പത്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നാലു പരാതികളും ലഭിച്ചു.

ശാരീരികമർദനം താങ്ങാനാകാത്ത സാഹചര്യത്തിലെത്തുമ്പോഴാണ് സ്ത്രീകൾ പ്രതികരിച്ചുതുടങ്ങുന്നതെന്ന് സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക് കൗൺസിലർ കവിത ​ഗോവിന്ദ് പറഞ്ഞു. മാനസികമായ പീഡനം ഭൂരിഭാ​ഗവും സഹിക്കാൻ തയ്യാറാകുന്ന പ്രവണതയാണുള്ളതെന്നും അവർ പറഞ്ഞു. 2020 മാർച്ചുമുതൽ ഈവർഷം ജൂൺവരെ സ്ത്രീകൾക്കെതിരെ 21 അതിക്രമ കേസുകളും കുട്ടികൾക്കെതിരെ ഒമ്പത് അതിക്രമ കേസുകളും സ്നേഹിതയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് 159, ലഹരിയുമായി ബന്ധപ്പെട്ട് 55, മുതിർന്ന പൗരന്മാരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് 70 കേസുവീതം റിപ്പോർട്ട് ചെയ്‌തു. മാനസികസമ്മർദം കുറയ്ക്കാൻ 196 പേർ സ്നേഹിതയിലേക്ക് വിളിച്ചിട്ടുണ്ട്. കുട്ടികളുടെ പെരുമാറ്റവൈകല്യവുമായി ബന്ധപ്പെട്ട് 147 കേസുകൾ റിപ്പോർട്ട് ചെയ്‌തു.

സ്ത്രീകൾക്കും കുട്ടികൾക്കുംവേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ്‌ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക്. പരാതിക്കാർക്ക് മാനസികപിന്തുണ നൽകുന്നതിനൊപ്പം നിയമസഹായം, കൗൺസലിങ്, താല്‍ക്കാലിക താമസസൗകര്യം തുടങ്ങിയ സേവനങ്ങളും നല്‍കും. ഫോണ്‍: 1800 4255 5678.

By Rathi N