Wed. Jan 22nd, 2025

നെടുമ്പാശേരി:

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പരിസരപ്രദേശങ്ങളിൽ വെള്ളപ്പൊക്കം തടയാനുള്ള പദ്ധതിയായ ‘ഓപ്പറേഷൻ പ്രവാഹ്‌’ ആദ്യഘട്ടം 31ന്‌ പൂർത്തിയാക്കും. 2018ലെ പ്രളയശേഷം സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരമാണ്‌ സിയാൽ പദ്ധതി തയ്യാറാക്കിയത്‌. നിലവിലുള്ള പദ്ധതികൾ, ജില്ലാ ഭരണകേന്ദ്രത്തിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും പദ്ധതികൾ എന്നിവ സംയോജിപ്പിച്ചാണ് ‘ഓപ്പറേഷൻ പ്രവാഹ്’ നടപ്പാക്കുന്നത്.

ആഗസ്‌തിനുമുമ്പ് വെള്ളപ്പൊക്കനിവാരണ പദ്ധതി പൂർത്തിയാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ്‌ പ്രത്യേക അവലോകനയോഗം വിളിച്ചത്‌. പദ്ധതി 130 കോടി രൂപ ചെലവിട്ടാണ് നടപ്പാക്കുന്നത്. വിമാനത്താവളത്തിന്റെ പരിസരപ്രദേശങ്ങളിൽ 26 ഇടങ്ങളിലാണ് പദ്ധതികൾ നടപ്പാക്കുക.

പെരിയാറിൽനിന്ന് ചെങ്ങൽത്തോടിലൂടെ ഒഴുകുന്ന പ്രളയജലം വിമാനത്താവളത്തെയും പരിസരപ്രദേശങ്ങളെയും ബാധിക്കാതിരിക്കാനുള്ള ഡൈവേർഷൻ കനാലിന്റെ പുനരുദ്ധാരണജോലികൾ അവസാനഘട്ടത്തിലാണ്. വിമാനത്താവളത്തിന്റെ തെക്കുഭാഗത്തുള്ള കനാൽ അഞ്ചുഭാഗങ്ങളായി തിരിച്ചാണ്‌ പുനരുദ്ധരിക്കുന്നത്. റൺവേയുടെ തെക്ക്, വടക്ക് ഭാഗങ്ങളിലുള്ള കാനകളെ യോജിപ്പിച്ചുള്ള പമ്പിങ് സംവിധാനം പ്രവർത്തനസജ്ജമായിട്ടുണ്ട്. മഴവെള്ളം വിമാനത്താവളപരിസരത്തുനിന്ന് ചെങ്ങൽത്തോടുവഴി പെരിയാറിലേക്ക്‌ ഒഴുകും.

എന്നാൽ, വെള്ളപ്പൊക്കമുണ്ടാകുമ്പോൾ ഒഴുക്ക് തിരിച്ചാകുന്നു. ഇങ്ങനെയാണ്‌ വെള്ളപ്പൊക്കമുണ്ടാകുന്നത്‌. ഇതൊഴിവാക്കാനാണ് വിമാനത്താവളം പ്രവർത്തനം ആരംഭിച്ചപ്പോൾത്തന്നെ തെക്കുവശത്ത്‌ ഡൈവേർഷൻ കനാൽ നിർമിച്ചത്‌. എന്നാൽ, ഇതിന്‌ വേണ്ടത്ര വീതിയും നീരൊഴുക്കിനുള്ള സൗകര്യവും ഉണ്ടായിരുന്നില്ല.

2018ലെ പ്രളയശേഷംനീരൊഴുക്ക്‌വർധിപ്പിക്കാനുള്ളപുനരുദ്ധാരണപ്രവർത്തനങ്ങൾ നടത്തി.എന്നാൽ, ഇതും വേണ്ടത്ര ഫലംചെയ്‌തില്ല. തുടർന്ന്‌ വിദഗ്‌ധസംഘം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്‌ നവീകരണപ്രവർത്തനം നടത്തിയത്‌.

ഇതിന്റെഒന്നാംഘട്ടമാണ്‌31ന്‌പൂർത്തിയാകുന്നത്‌.ഇതോടെ,മുൻവർഷങ്ങളിലുണ്ടായ വെള്ളപ്പൊക്കഭീഷണി തടയാനാകും. ഇതിലും ശക്തമായ ജലപ്രവാഹമുണ്ടായാൽ നേരിടാനാണ് ഓപ്പറേഷൻ പ്രവാഹിന്റെ രണ്ടാംഘട്ടം നിശ്ചയിച്ചിട്ടുള്ളത്.

ഇതിൽ ചെങ്ങൽത്തോട് തുടങ്ങുന്ന ഭാഗത്ത് റഗുലേറ്റർ കം ബ്രിഡ്ജ് പണികഴിപ്പിക്കാനാണ് ലക്ഷ്യം. ഇതിനായി 20.40 കോടി രൂപ ചെലവുവരുമെന്ന് സിയാൽ അധികൃതർ പറഞ്ഞു.

By Rathi N