Sun. Dec 22nd, 2024
അഞ്ചൽ:

ഗവ സ്കൂളിൻ്റെ ഗ്രൗണ്ടിൽനിന്ന്​ മണ്ണെടുത്ത് സ്വകാര്യവ്യക്തിയുടെ വസ്തു നികത്തിയെടുക്കുന്നതിന് ഉപയോഗിച്ചതിനെതിരെ പഞ്ചായത്തംഗവും പൊതുപ്രവർത്തകനും പൊലീസിൽ പരാതി നൽകി. അഞ്ചൽ ഈസ്​റ്റ്​ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് കഴിഞ്ഞദിവസം മണ്ണെടുത്ത് നിർമാണം നടക്കുന്ന അഞ്ചൽ ബൈപാസിനോട് ചേർന്നുള്ള സ്വകാര്യവസ്തുവിൽ തള്ളിയിരിക്കുന്നത്. ഇതിനെതിരെ അഞ്ചൽ പഞ്ചായത്തംഗമായ ജി ബിനുവും പൊതുപ്രവർത്തകനായ എം മണിക്കുട്ടനുമാണ്​ പരാതി നൽകിയത്.

സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന നിർമാണപ്രവർത്തനത്തിനു വേണ്ടി ഇടിച്ചുനിരപ്പാക്കിയ മണ്ണ്, നിർമാണം നടക്കുന്ന അഞ്ചൽ ബൈപാസിൽ ഇടുന്നതിന് അഞ്ചൽ വില്ലേജ് ഓഫിസർ കരാറുകാർക്ക് അനുവാദം നൽകിയിരുന്നു. ഇതിൻപ്രകാരം കരാറുകാർ രണ്ട് ലോഡ് മണ്ണ് ബൈപാസിൽ ഇട്ട ശേഷം പിന്നീട് നാൽപത് ലോഡ് മണ്ണ് ബൈപാസിനോടുചേർന്നുള്ള നിലം നികത്താൻ പുരയിടത്തിൽ തള്ളിയെന്ന്​ പരാതിയിൽ പറയുന്നു.

പരാതിയെത്തുടർന്ന് അഞ്ചൽ പൊലീസ് സ്ഥലത്തെത്തി മണ്ണ് മാറ്റുന്നത് നിർത്തിച്ചു. അതേസമയം, സ്കൂളിൽ നടക്കുന്ന നിർമാണപ്രവർത്തനത്തിന് തടസ്സമായ മണ്ണ് നീക്കാൻ നടപടി ആവശ്യപ്പെട്ട്​ സ്കൂൾ പി ടി എ കത്ത് നൽകിയിരുന്നതായും അതിൻ്റെ അടിസ്ഥാനത്തിൽ നടപടിക്രമങ്ങൾ പാലിച്ച്​ അനുമതി നൽകിയിരുന്നതായും മറ്റുള്ള കാര്യങ്ങൾ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും അഞ്ചൽ വില്ലേജ് ഓഫിസർ പറഞ്ഞു.

By Divya