Mon. Dec 23rd, 2024

ചെങ്ങന്നൂർ:

മാസ്ക് വയ്ക്കാതെയെത്തിയ സ്ത്രീകളോടു പിഴയടയ്ക്കാൻ ആവശ്യപ്പെട്ടതിനു പിന്നാലെ ട്രാഫിക് എസ്ഐയെ സ്ഥലം മാറ്റിയെന്ന് ആരോപണം. വിജി ഗിരീഷ് കുമാറിനെയാണ് അമ്പലപ്പുഴ സ്റ്റേഷനിലേക്കു മാറ്റിയത്. പിഴയടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ യുവതി ആരെയോ ഫോണിൽ വിളിച്ചു.

ഫോണിൽ മന്ത്രി സജി ചെറിയാനാണെന്നു പറഞ്ഞ് സംസാരിക്കാൻ ആവശ്യപ്പെട്ടെന്നും അതു നിരസിച്ചതിനാണു നടപടിയെന്നും സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായി. എന്നാൽ, സംഭവത്തെപ്പറ്റി അറിയില്ലെന്നും ആരെയും വിളിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.കഴിഞ്ഞ 22നു ചെങ്ങന്നൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം പരിശോധന നടത്തുമ്പോൾ മാസ്ക് ധരിക്കാതെ എത്തിയ 2 സ്ത്രീകളോടു പിഴയടയ്ക്കാൻ ആവശ്യപ്പെട്ടിരുന്നെന്ന് എസ്ഐ പറയുന്നു.

സ്ത്രീകളിൽ ഒരാൾ മൊബൈലിൽ ആരെയോ വിളിച്ച ശേഷം ഫോൺ നീട്ടി, ‘സജിച്ചായനാണ് സംസാരിക്ക്’ എന്നു പറഞ്ഞു. കൊവിഡ് കാലമായതിനാൽ മറ്റൊരാളുടെ ഫോൺ ഉപയോഗിക്കില്ലെന്ന് അവരെ അറിയിച്ചിരുന്നെന്നും എസ്ഐ പറയുന്നു.ഒന്നരവർഷമായി ചെങ്ങന്നൂരിൽ ട്രാഫിക് എസ്ഐയാണ് ഗിരീഷ് കുമാർ.

3 വർഷമെങ്കിലും കഴിയാതെ സാധാരണ സ്ഥലംമാറ്റം ഉണ്ടാകാറില്ല.

By Rathi N