കാളികാവ്:
മഹാമാരി കാലത്ത് സ്കൂളുകൾ അടച്ചിട്ടതോടെ നൊമ്പരമാർന്ന ഓർമകളിലാണ് ബഹുഭൂരിഭാഗം വിദ്യാർത്ഥികളും. എന്നാൽ, ചോക്കാട് ജി എൽ പി സ്കൂളിലെ കുട്ടികൾ സ്വന്തം സ്കൂളിൽനിന്നുതന്നെ പഠനം നടത്താൻ കഴിയുന്ന സന്തോഷത്തിലാണ്. ആദിവാസി വിഭാഗത്തിൽപെട്ടവർ മാത്രമുള്ള ഈ സ്കൂളിലെ കുട്ടികൾക്കുള്ള സാമൂഹിക പഠനമുറി ഒരുക്കിയിരിക്കുന്നത് ഇവിടെ തന്നെയാണ്.
ജില്ലയിലെ ഏറ്റവും വലിയ കോളനിയായ നാൽപത് സെൻറ് കോളനിയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. മുപ്പതോളം കുട്ടികളുള്ള സ്കൂളിൽ വിവിധ ബാച്ചുകളിലായാണ് പഠനം. കോളനിയിലെ ഒന്നുമുതൽ 12 വരെ ക്ലാസുകളിലെ മറ്റു കുട്ടികളും പഠനമുറിയിലുണ്ട്.
കൃത്യമായ സാമൂഹികഅകലം പാലിച്ചാണ് നിശ്ചിത എണ്ണം കുട്ടികൾ ഇരിക്കുന്നത്. പ്രധാനാധ്യാപകൻ എൻ ടി സുമേഷ് നിർദ്ദേശങ്ങൾ നൽകി കൂടെയുണ്ടാവും. എംഎസ്ഡബ്ല്യൂ യോഗ്യതയുള്ള കോളനിയിലെ സജിത്താണ് പഠനമുറിയുടെ സാങ്കേതിക ചുമതല നിർവഹിക്കുന്നത്.