Wed. Jan 22nd, 2025
വെഞ്ഞാറമൂട്:

നല്ല ഉശിരുള്ള തൊഴിലാളിയാണ്‌ ചന്ദ്രികാമ്മ. എഴുപതുകളിൽ മലഞ്ചരക്കുകൾ തലച്ചുമടായി ചന്തയിലെത്തിച്ച്‌ തുടങ്ങിയ തൊഴിലാളി ജീവിതം. പ്രായം അറുപത്തിയൊന്ന്‌ ആയിട്ടും അധ്വാനത്തിന്‌‌ കുറവില്ല.

തുടക്കത്തിൽ പല കോണിൽനിന്നുണ്ടായ മോശം അഭിപ്രായങ്ങളെയും പരിഹാസങ്ങളെയും തള്ളിക്കളഞ്ഞ് 38 വർഷം‌ ചുമട്ടുത്തൊഴിലാളിയായി ജീവിച്ചു‌ നാട്ടുകാരുടെ പ്രിയപ്പെട്ട ചന്ദ്രികാമ്മ. മാണിക്കൽ പഞ്ചായത്തിലെ മൂളയം എന്ന ഗ്രാമത്തിലാണ് അവർ തൊഴിലാളി ജീവിതം ആരംഭിക്കുന്നത്. മൂളയത്ത് ചുമട്ടുതൊഴിലാളി യൂണിയൻ (സിഐടിയു) രൂപീകരിച്ചപ്പോൾ അതിലും അംഗമായി.

എഴുപതുകളിൽ അടയ്ക്ക, കൊപ്ര, ഉൾപ്പെടെയുള്ള മലഞ്ചരക്കുകൾ തലച്ചുമടായി വെഞ്ഞാറമൂട്ടിലെത്തിക്കുമ്പോള്‍ കിട്ടുന്ന ചെറിയ ലാഭത്തിൽ‌ അവർ ജീവിച്ചുതുടങ്ങി. വിശപ്പും ദാരിദ്യവുമായിരുന്നു പ്രചോദനം. 1976ൽ മൂളയം പാലം വന്നതോടെ വാഹന സൗകര്യം ഉണ്ടായി. ഇതോടെ ക്വിന്റൽ ചാക്ക് വരെ ലോറികളിൽ കയറ്റാൻ ചന്ദ്രികാമ്മ എത്തി. ഭർത്താവ് മോഹനനും ചുമട്ടുതൊഴിലാളിയായിരുന്നു.

ജില്ലയിലെ തന്നെ ഒരേയൊരു വനിതാ തൊഴിലാളിയായിരുന്നു. അന്ന്‌ പെണ്ണെന്ന കാരണത്താൽ പല മോശം വ്യാഖ്യാനങ്ങളും ഉണ്ടായെന്നും, എന്നാൽ അതൊന്നും തൊഴിലിനോടുള്ള തന്റെ ആത്മാർഥതയെ ബാധിച്ചിട്ടില്ലെന്നും ചന്ദ്രികാമ്മ പറയുന്നു.
ഒരു ചുമട്ടുതൊഴിലാളി എന്ന മേൽവിലാസം മാത്രമല്ല, മികച്ച കർഷകയെന്ന പേരും ചന്ദ്രികാമ്മയ്ക്ക്‌ സ്വന്തം.

മാണിക്കൽ കൃഷിഭവനിൽനിന്ന്‌ രണ്ട്‌ തവണ മികച്ച കർഷകയ്‌ക്കുള്ള പുരസ്കാരം നേടി.
കുടുംബശ്രീ അംഗങ്ങളെ സംഘടിപ്പിച്ച് നാല്‌ തവണ നെൽകൃഷി ചെയ്ത്‌ നൂറുമേനി വിളവ്‌ നേടി. ഇപ്പോൾ ചുമട്ടുതൊഴിലിൽനിന്ന്‌ വിരമിച്ചെങ്കിലും മൂളയത്ത് സ്വന്തമായി അരിമില്ല് നടത്തുകയാണിവർ. പഞ്ചായത്തിന്റെ ഹരിത കർമസേനയുടെ പ്രസിഡന്റുമാണ്.

By Divya