Mon. Dec 23rd, 2024
കുന്നിക്കോട്:

ചിരി പരിഹാര സെല്ലില്‍ വിളിച്ച് പരാതി പറഞ്ഞ ആദിത്യക്ക്​ മണിക്കൂറിനുള്ളില്‍ പൊലീസ് മോഷണം പോയ സൈക്കിള്‍ തിരിച്ച് നല്‍കി. സൈക്കിൾ മോഷണം പോയി വിഷമത്തിൽ വിളക്കുടി സ്വദേശിനിയായ ഏഴാം ക്ലാസുകാരി ആദിത്യ ‘സഹായിക്കണം’ എന്ന് പറഞ്ഞ് വിളിക്കുകയായിരുന്നു. കോവിഡ് കാലത്ത് കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനായി സംസ്ഥാന സര്‍ക്കാറി​ൻ്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ചിരി.

വീട്ടുമുറ്റത്തു വച്ചിരുന്ന സൈക്കിൾ മൂന്നുദിവസം മുമ്പ്​ രാത്രിയിലാണ് മോഷണം പോയത്. പിറ്റേന്ന്​ രാവിലെ ആദിത്യയും കൂട്ടുകാരും പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതേതുടര്‍ന്ന് പരാതി പറഞ്ഞു.

ഉടൻതന്നെ കുന്നിക്കോട് സ്​റ്റേഷനില്‍ അറിയിപ്പ് എത്തുകയും പോലീസ് നടപടികള്‍ ആരംഭിക്കുകയും ചെയ്തു. വാഹനപരിശോധനക്കിടെ സംശയം തോന്നി പ്രദേശവാസിയായ യുവാവിനെ ചോദ്യം ചെയ്യുകയും അയാളുടെ വീട്ടില്‍നിന്ന്​ സൈക്കിള്‍ കണ്ടെത്തുകയുമായിരുന്നു.

കുന്നിക്കോട്പോലീസ് സി ഐ വിനോദിൻ്റെ നേതൃത്വത്തിൽ ഉള്ള സംഘം വിളക്കുടിയിലുള്ള ആദിത്യയുടെ വീട്ടിൽ എത്തിച്ചു. സന്തോഷത്തോടെ പൂച്ചെണ്ട്​ നൽകിയാണ് ആദിത്യ പൊലീസുകാരെ സ്വീകരിച്ചത്.

TAGS:bicycle

By Divya