പട്ടിക്കാട് (തൃശൂർ):
സ്കൂളിലേക്ക് വരവെ വാഹനം കസ്റ്റഡിയിലെടുത്ത നടപടിയിലൂടെ വിദ്യാർത്ഥിയുടെ അധ്യയനവര്‍ഷം വടക്കഞ്ചേരി പൊലീസ് നഷ്ടപ്പെടുത്തിയതായി പരാതി. വെള്ളിയാഴ്ച രാവിലെ പാലക്കാട് കിഴക്കഞ്ചേരിയില്നിന്ന് പട്ടിക്കാട് ഗവ ഹയർ സെക്കൻഡറി സ്കൂളിലേക്ക് പുറപ്പെട്ട വിദ്യാർത്ഥിക്കാണ് ദുരനുഭവം.
കിഴക്കഞ്ചേരിയിൽ ട്രിപ്ള്‍ ലോക്ഡൗണ്‍ ആയതിനാല്‍ ബസ് സൗകര്യം ഇല്ലാതിരുന്ന വിദ്യാർഥി സുഹൃത്തിനെക്കൂട്ടി ബൈക്കില്‍ സ്കൂളിലേക്ക് ഹയർ സെക്കൻഡറി ഒന്നാം വര്‍ഷ പ്രോജക്ട് അസൈൻമെൻറ് സമര്‍പ്പിക്കാന്‍ ഇറങ്ങിയതായിരുന്നു. സ്കൂളിലേക്ക് സമര്‍പ്പിക്കേണ്ട പുസ്തകങ്ങളെ കൂടാതെ സത്യവാങ്മൂലവും കരുതിയിരുന്നു.
വെള്ളിയാഴ്ചയായിരുന്നു അസൈൻമെൻറ് സമര്‍പ്പിക്കേണ്ട അവസാന തീയതി. സമര്പ്പിക്കാനായിെല്ലങ്കില് വിദ്യാര്‍ത്ഥി പരീക്ഷയില്‍ തോറ്റതായാണ് പരിഗണിക്കുക. എന്നാല്‍, തങ്ങൾ പറയുന്നത് കേള്‍ക്കാനോ മനസ്സിലാക്കാനോ ശ്രമിക്കാതെ ട്രിപ്ൾ ലോക്ഡൗണിന്റെ പേരില്‍ ബൈക്ക് കസ്റ്റഡിയില്‍ എടുക്കുകയാണ് ഉണ്ടായതെന്ന് വിദ്യാർത്ഥികൾ പറയുന്നു.
ലോക്ഡൗണ്‍ ലംഘിച്ചതിന് രണ്ടുപേര്‍ക്കും കൂടി 4000 രൂപ പിഴയും ചുമത്തി. പിഴ അടച്ചശേഷമാണ് ബൈക്ക് വിട്ട് നല്‍കിയത്. മുഖ്യമന്ത്രിക്കുക്കും സംസ്ഥാന പൊലീസ് മേധവിക്കും പരാതി നൽകാനിരിക്കുകയാണ് വിദ്യാർത്ഥി.