Mon. Dec 23rd, 2024
മഞ്ഞാമറ്റം:

ഗോമാ വുഡ് ഫാക്ടറിയിൽ തീ പിടിത്തത്തിൽ ലക്ഷക്കണക്കിനു രൂപയുടെ നാശം. ഇന്നലെ രാത്രി 7.30നാണ് അപായം. തടി സംസ്കരിച്ച് ഫർണിച്ചറും പ്ലൈവുഡും നിർമിക്കുന്ന സ്ഥാപനമാണിത്.

തീപിടിത്ത കാരണം വ്യക്തമല്ല. ലോക്ഡൗണായതിനാൽ ഭാഗികമായേ പ്രവർത്തിച്ചിരുന്നുള്ളൂ. വഴിയാത്രക്കാരാണ് തീ ഉയരുന്നത് ആദ്യം കണ്ടത്. തടി ഉരുപ്പടികളും പ്ലൈവുഡുമായിരുന്നതിനാൽ തീ വേഗം പടർന്നു.

യന്ത്രങ്ങൾ ഉൾപ്പെടെ നശിച്ചു. തീ ശക്തമായി മുകളിലേക്കു ഉയർന്നു. പൊട്ടിത്തെറി ശബ്ദം നാട്ടുകാരെ ഭയപ്പെടുത്തി. അഗ്നിരക്ഷാ സേനയുടെ കോട്ടയം, പാമ്പാടി ,കാഞ്ഞിരപ്പള്ളി കേന്ദ്രങ്ങളിൽ നിന്ന് 5 യൂണിറ്റ് വാഹനങ്ങൾ എത്തിച്ചാണ് തീയണച്ചത്.

വർഷങ്ങളായി മഞ്ഞാമറ്റത്ത് പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. പാലക്കാട് സ്വദേശിയുടെ നേതൃത്വത്തിലാണ് ഇപ്പോൾ പ്രവർത്തനം. പഞ്ചായത്ത് പ്രസിഡന്റ് ജാൻസി ബാബു, മുൻ പഞ്ചായത്ത് പ്രസിഡന്റ് ടോണി ഏബ്രഹാം, പഞ്ചായത്ത് അംഗം ബെന്നി വടക്കേടം എന്നിവർ സ്ഥലത്തെത്തി. എസ്ഐമാരായ സജികുമാർ,വി കെ രാജേഷ്, ബാബുരാജ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് രക്ഷാപ്രവർത്തനം നടത്തി.

4,000 ചതുരശ്രയടി വലുപ്പമുള്ള കെട്ടിടത്തിലാണ് തീപിടിത്തം. 2 മണിക്കൂർ തുടർച്ചയായി പ്രവർത്തിച്ചാണ് തീയണയ്ക്കാനായത്. യൂണിറ്റിന്റെ വെള്ളം തീർന്നതോടെ ടാങ്കർ ലോറികളിൽ വെള്ളം എത്തിച്ചു.

By Divya