Wed. Nov 6th, 2024

കുട്ടനാട്:

കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിയന്ത്രണത്തിന് 105 കോടി രൂപ ചെലവില്‍ ആഴംകൂട്ടല്‍ ജോലികൾ ശിപാര്‍ശ ചെയ്​ത്​ ജില്ല കലക്​ടര്‍ അധ്യക്ഷനായ സമിതി. 200 കേന്ദ്രങ്ങളിലാണ് ആഴം കൂട്ടേണ്ടതെന്ന് സമിതി തയാറാക്കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. വിശദ റിപ്പോര്‍ട്ട് ജില്ലയിലെ മന്ത്രിമാരായ സജി ചെറിയാനും പി പ്രസാദിനും നല്‍കിയെന്ന് കലക്​ടർ എ അലക്‌സാണ്ടര്‍ പറഞ്ഞു. ജലസേചന മന്ത്രിക്കും വകുപ്പ് ഉദ്യോഗസ്​ഥര്‍ മുഖേന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്​ ഉദ്യോഗസ്ഥ സമിതിയുടെ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാൻ മന്ത്രിമാരുടെ യോഗം ഉടൻ ചേരും.

ഫിഷറീസ്, കൃഷി, ജലസേചന വകുപ്പ് മന്ത്രിമാരാണ് യോഗം ചേരുന്നത്. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മന്ത്രിതലയോഗം വിളിച്ചേക്കും. കനാലുകള്‍, ഇടത്തോടുകള്‍, നദികള്‍, വേമ്പനാട്ടു കായല്‍ എന്നിവ എക്കലും മറ്റും അടിഞ്ഞ് തീരം ആഴംകുറഞ്ഞ നിലയിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ജലവാഹക ശേഷിയും കുറഞ്ഞ നിലയിലാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ ആഴംകൂട്ടണം. ഇതിനായി നിര്‍ദിഷ്​ട കേന്ദ്രങ്ങളില്‍ ചെളിയും എക്കലും വാരണം.

മടവീഴ്​ച പതിവായ കനകാശ്ശേരി പാടശേഖരത്തില്‍ പൈല്‍ ആന്‍ഡ് സ്ലാബ് ഉപയോഗിച്ച് ബണ്ട് നിര്‍മിക്കുന്നതിനാണ് മറ്റൊരു ശിപാര്‍ശ. മടവീഴ്​ചയുണ്ടാകുന്ന നെടുമുടി മംഗലം പാടശേഖരത്തി​ൻെറയും പുറംബണ്ട് ബലപ്പെടുത്തും. ഇതുൾപ്പെടെ നിലവില്‍ നടക്കുന്ന 205 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും നിർദേശമുണ്ട്​.

By Rathi N