Sat. Nov 23rd, 2024
പുല്ലാട്:

കഴിഞ്ഞ ദിവസം രാത്രി പെയ്ത ശക്തമായ മഴയിൽ ഇരപ്പൻ തോട് കരകവിഞ്ഞു. തെറ്റുപാറയിലെ 16 വീടുകളിൽ വെള്ളം കയറി. അധികൃതരുടെ അനാസ്ഥ കാരണം വർഷങ്ങളായിട്ട് ഈ പ്രദേശത്തുള്ളവർ ദുരിത ജീവിതം നയിക്കുകയാണ്. ശക്തമായ മഴ പെയ്താൽ പിന്നെ ഉള്ളിൽ ആശങ്കയുമായിട്ടാണു ഇവിടെയുള്ളവർ വീടുകളിൽ കഴിയുന്നത്. ഇരപ്പൻ തോട് കവിഞ്ഞ് വീടുകളിലേക്ക് വെള്ളം കയറുന്നത് പതിവാണ്.

ഇവിടെ പമ്പാ ഇറിഗേഷൻ പദ്ധതിയുടെ (പിഐപി) കനാലിന്റെ അടിയിലൂടെയാണു കടന്നു പോകുന്നത്. ശക്തമായ മഴ പെയ്യുമ്പോൾ മുകൾ ഭാഗങ്ങളിൽ നിന്നുള്ള മാലിന്യം ഒഴുകി വന്ന് കനാലിന് സമീപം അടിഞ്ഞുകൂടി വെള്ളം ഒഴുകിപ്പോകാൻ കഴിയാത്ത അവസ്ഥയുണ്ടാകും. തോട്ടിൽ വെള്ളം നിറഞ്ഞാൽ അധിക ജലം കനാലിലേക്ക് ഒഴുകുന്നതിന് ചീപ്പുകൾ നിർമിച്ചിട്ടുണ്ടെങ്കിലും അത് പ്രായോഗികമല്ലെന്ന് പ്രദേശവാസികൾ പറയുന്നു.

ചീപ്പിന്റെ ഭാഗത്തും മാലിന്യം കെട്ടിക്കിടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അർധ രാത്രിയിലാണ് വെള്ളം വീടുകളിൽ കയറിയത്. ഇവിടുത്തെ അശാസ്ത്രീയമായ നിർമാണമാണ് വെള്ളം ഒഴുകി പോകാത്തതിനു കാരണം.

തോട്ടിലെ വെള്ളം സുഗമമായി ഒഴുകി പോകുന്നതിനുള്ള അടിയന്തര നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് വർഷങ്ങളായി പ്രദേശവാസികൾ ആവശ്യപ്പെടുന്നതാണ്. ഇതുവരെയും ശാശ്വത പരിഹാരം ഉണ്ടായിട്ടില്ല.

കഴിഞ്ഞ മേയ് 15നും സമാനമായ രീതിയിൽ ഇവിടെ വെള്ളം പൊങ്ങിയിരുന്നു. അന്ന് കനാലിന്റെ മുകൾ ഭാഗം പൊട്ടിച്ചാണ് വെള്ളം ഒഴുക്കി വിട്ടത്. അടിയന്തരമായി തുടർ നടപടികൾ പഞ്ചായത്തിന്റെയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെയും ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് പ്രദേശവാസികൾ പറഞ്ഞു.

By Divya