Mon. Dec 23rd, 2024

തിരൂരങ്ങാടി:

സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനുള്ള ആഗ്രഹമുണ്ടെങ്കിൽ മറ്റൊന്നും തടസ്സമല്ലെന്ന് തെളിയിക്കുകയാണ് ഫാഹിസ് ഫർഹാൻ (18). കശ്മീർ വരെ സൈക്കിളിൽ പോകാനുള്ള തയാറെടുപ്പിലാണ് ഫാഹിസ്.ഒറ്റക്കയ്യിൽ ഹാൻഡിൽ നിയന്ത്രിച്ചാണ് ഇത്ര ദൂരം സൈക്കിൾ യാത്ര നടത്തുന്നതെന്നതാണ് പ്രത്യേകത.

ഇടതു കൈ മുട്ടിന് താഴെയില്ല. കാസർകോട് മുതൽ തിരുവനന്തപുരം വരെ 850 കിലോമീറ്റർ സൈക്കിൾ സവാരി ചെയ്തതിൻറെ ആത്മവിശ്വാസവുമായാണ് ഭാരത യാത്ര.

നാളെ തലപ്പാറയിൽ നിന്നാണ് യാത്രയുടെ തുടക്കം. 3500 കിലോമീറ്റർ ദൂരം കശ്മീർ ലഡാക്ക് വരെ സൈക്കിളിൽ യാത്ര ചെയ്യും. കൂടെ സുഹൃത്ത് പാറക്കടവ് സ്വദേശി ജിൽഷാദുമുണ്ട്.

തിരൂരങ്ങാടിയിലെ സൈക്കിൾ ക്ലബ്ബായ പൈക്ക് റൂട്ട്സിന്റെ നേതൃത്വത്തിലാണ് യാത്ര. ഫായിസിനിത് ആദ്യ യാത്രയല്ല. 2019 ൽ ഊട്ടി കാണാൻ 340 കിലോമീറ്റർ ദൂരം സൈക്കിൾ ചവിട്ടിയിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ‌ കാസർകോട് മുതൽ തിരുവനന്തപുരം വരെ 850 കിലോമീറ്റർ സൈക്കിൾ ചവിട്ടി.

മൂന്നിയൂർ വെളിമുക്ക് ആലുങ്ങൽ എരണിക്കൽ അബ്ദുൽ ഖാദർ– നഹീമ ദമ്പതികളുടെ മൂത്ത മകനാണ് ഫാഹിസ് ഫർഹാൻ. പ്ലസ് ടു പൂർത്തിയാക്കി തുടർ പഠനത്തിനുള്ള ഒരുക്കത്തിലാണ്. യാത്ര ചെയ്യാനുള്ള ആഗ്രഹമാണ് സൈക്കിൾ സവാരിക്ക് പ്രേരിപ്പിച്ചതെന്ന് ഫാഹിസ് പറയുന്നു. പാരാ ഒളിംപിക്സിൽ സൈക്ലിങ് മത്സരത്തിൽ പങ്കെടുക്കണം, സർക്കാർ ജോലിയും നേടണം. ഫാഹിസിന്റെ ലക്ഷ്യങ്ങൾ ഇതൊക്കെയാണ്.