കൊച്ചി∙
2 പതിറ്റാണ്ടായി റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന കൂറ്റൻ ജലവിതരണക്കുഴലുകളാണു സമീപത്തെ താമസക്കാർക്കും യാത്രക്കാർക്കും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. മാലിന്യപ്രശ്നവും ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും ശല്യവും മൂലം പൊറുതിമുട്ടിയ അവസ്ഥയിലാണു ഇവിടെയുള്ള നാട്ടുകാർ. ആക്രിയായി തൂക്കി വിറ്റാൽപ്പോലും ലക്ഷങ്ങൾ വിലമതിക്കുന്ന കാസ്റ്റ് അയൺ പൈപ്പുകൾ ജല അതോറിറ്റിയുടെ അവഗണന മൂലം തുരുമ്പെടുത്തു നശിക്കുന്നുവെന്ന പ്രശ്നവുമുണ്ട്.
ഹഡ്കോ പദ്ധതി പ്രകാരം ഭൂമിക്കടിയിലൂടെ ശുദ്ധജലം കൊണ്ടുപോകുന്നതിനായി ഏറ്റെടുത്ത സ്ഥലത്താണ് എഴുപതോളം വലിയ പൈപ്പുകൾ കൂട്ടിയിട്ടിരിക്കുന്നത്. ഇതിനാൽ, സമീപത്തെ കാനയിലേക്കു ജലം ഒഴുകുന്നില്ല. മഴക്കാലത്ത് ഇവിടെ വെള്ളക്കെട്ടു പതിവാണ്.
പൈപ്പുകൾക്കിടയിൽ മാലിന്യം നിക്ഷേപിക്കുന്നതിനാൽ തെരുവുപട്ടികളുടെയും വിഷപ്പാമ്പുകളുടെയും വിഹാരരംഗവുമാണ്.വളർത്തുനായ്ക്കൾ പാമ്പുകടിയേറ്റു ചത്ത ഒട്ടേറെ സംഭവങ്ങളുണ്ടായിട്ടുണ്ട്. രാത്രികാലത്തു ലഹരി സംഘങ്ങളും അനാശാസ്യ പ്രവർത്തനങ്ങൾക്കെത്തുന്നവരും ഇവിടം താവളമാക്കുന്നെന്നും പരാതിയുണ്ട്.
മഴക്കാലത്ത് പൈപ്പിനുള്ളിലുൾപ്പെടെ വെള്ളം കെട്ടിനിന്നു കൊതുകു പെരുകാനും വഴിയൊരുക്കുന്നുണ്ട്. ഇടുങ്ങിയ റോഡാണെന്നതിനാൽ വാഹനങ്ങൾ സുഗമമായി കടന്നു പോകുന്നതിനും പൈപ്പുകൾ തടസ്സം സൃഷ്ടിക്കുന്നു. പല ഘട്ടത്തിൽ മേയർമാർക്കും മുനിസിപ്പൽ സെക്രട്ടറിമാർക്കും നാട്ടുകാരും ജനപ്രതിനിധികളും പരാതി നൽകിയിട്ടും പൈപ്പ് മാറ്റാൻ നടപടിയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.