Sun. Dec 22nd, 2024

ചാലക്കുടി:

നഗരസഭ പൊതു നിരത്തുകളിലെ കാടും പടലും വെട്ടി നീക്കിയതോടെ ‘കണ്ടുകിട്ടിയത്’ കസ്റ്റഡി വാഹനങ്ങൾ! ട്രാംവേ റോഡരികിൽ എഇഒ ഓഫിസിനും സിവിൽ സ്റ്റേഷനും സമീപത്തായി കൂട്ടിയിട്ടിരുന്ന തൊണ്ടി വാഹനങ്ങളാണ് കണ്ടെത്തിയത്. കേസിൽപെട്ട് വർഷങ്ങളായി റോഡരികിൽ കിടക്കുന്ന വാഹനങ്ങൾ നീക്കാൻ അധികൃതർ തയാറായിട്ടില്ല.

മോട്ടർ വാഹന വകുപ്പ് പിടികൂടിയ വാഹനങ്ങളാണു വിദ്യാഭ്യാസ ഓഫിസിന്റെ ഗേറ്റ് മുതൽ ദേശീയപാത വരെയുള്ള ഭാഗത്തു കിടക്കുന്നത്. ട്രാംവേ റോഡിൽ വാഹനങ്ങൾ കാട് മൂടിയ നിലയിൽ പല വാഹനങ്ങളും തുരുമ്പെടുത്തു നശിച്ച അവസ്ഥയിലാണ്. പരിസരത്തു കാടു വളർന്നതോടെ ഇവ മൂടിപ്പോയിരുന്നു.

കാൽനട യാത്രക്കാരും ഗതാഗതത്തിരക്കും ഉള്ള റോഡരികിൽ അപകടം ക്ഷണിച്ചു വരുത്തുന്ന വിധത്തിലാണ് തുരുമ്പെടുത്ത വാഹനങ്ങൾ കിടക്കുന്നത്. ഡിവൈഎസ്പി ഓഫിസ് വളപ്പിൽ, ലക്ഷക്കണക്കിനു രൂപ വിലയുള്ള ബസുകളും ലോറികളും കിടന്നു നശിക്കുകയാണ്. കേസുകൾ തീർപ്പാക്കുന്നതിനുള്ള കാലതാമസമാണ് തൊണ്ടിമുതൽ ആയ വാഹനങ്ങൾ നീക്കുന്നതിലെ പ്രധാന തടസ്സം.

കേസ് തീർന്നാലും മറ്റു നിയമനടപടികൾ പൂർത്തിയാക്കി മാത്രമേ ഉടമയ്ക്കു വിട്ടു നൽകുകയോ, സർക്കാരിലേക്കു കണ്ടുക്കെട്ടുകയോ ചെയ്യാറുള്ളൂ. അപ്പോഴേക്കും ലക്ഷങ്ങൾ വിലയുള്ള വാഹനങ്ങൾ ആക്രി വിലയ്ക്കു കൊടുക്കാവുന്ന നിലയിലാകും.

By Rathi N