Sat. Apr 20th, 2024

പുന്നയൂർക്കുളം:

അണ്ടത്തോട് കുടുംബാരോഗ്യകേന്ദ്രം വിതരണം ചെയ്ത ഓക്‌സീമീറ്ററുകൾ നിലവാരം കുറഞ്ഞതെന്ന് പരാതി. വിരലിനു പകരം കടലാസോ പേനയോ വച്ചാൽ പോലും ഓക്‌സീമീറ്ററിൽ റീഡിങ് കാണിക്കും. തെറ്റായ റീഡിങ് കാണിക്കുന്നത് രോഗികളുടെ ജീവനുവരെ ഭീഷണിയാകുമെന്നാണ് ആക്ഷേപം.

ശരീരത്തിലെ ഓക്‌സിജന്റെ അളവ് കണ്ടെത്താനുള്ള ഉപകരണമാണ് പൾസ് ഓക്‌സീമീറ്റർ. ഓൺ ചെയ്ത് വിരൽ അതിനുള്ളിൽ വച്ചാൽ ശരീരത്തിലെ ഓക്‌സിജന്റെ അളവും ഹൃദമിടിപ്പും സ്‌ക്രീനിൽ തെളിയും.എന്നാൽ ആരോഗ്യകേന്ദ്രത്തിൽ നിന്നു വിതരണം ചെയ്ത ഭൂരിഭാഗം ഓക്‌സീമീറ്ററിലും തെറ്റായ വിവരമാണ് രേഖപ്പെടുത്തുന്നത്.

അണ്ടത്തോട് കുടുംബാരോഗ്യകേന്ദ്രത്തിൽ 100 ഓക്‌സീമീറ്ററാണ് വാങ്ങിയത്. 19 വാർഡ് മെംബർമാർക്ക് 5 എണ്ണം വീതം നൽകി. ഇത് കൊവിഡ് പോസിറ്റീവ് ആയവർക്ക് വിതരണം ചെയ്‌തെങ്കിലും അളവ് കൃത്യമല്ലെന്ന് പറഞ്ഞ് പലരും മടക്കുകയായിരുന്നു.

തെറ്റായ ഓക്‌സിജൻ ലെവൽ കാണിച്ചതിനെ തുടർന്ന് ചമ്മന്നൂർ സ്വദേശിയായ പെൺകുട്ടിയെ ചാവക്കാട് ആശുപത്രിയിൽ എത്തിച്ച സംഭവവും ഉണ്ടായി. കേടായവ ആരോഗ്യകേന്ദ്രത്തിൽ നിന്നു മാറ്റി നൽകിയെങ്കിലും അതും പ്രവർത്തിച്ചില്ലെന്നാണ് പരാതി. ഇതോടെ ഓക്‌സീമീറ്റർ രോഗികൾക്ക് നൽകാൻ മെംബർമാർ മടിച്ചുതുടങ്ങി.

സന്നദ്ധ സംഘടനകൾ നൽകിയ ഓക്‌സീമീറ്ററാണ് പലരും രോഗികൾക്ക് കൈമാറുന്നത്. ഓക്‌സീമീറ്ററിന്റെ പെട്ടിയിൽ കമ്പനി വിലാസം, ബാച്ച് നമ്പർ, വില, കസ്റ്റമർ കെയർ നമ്പർ, വാറണ്ടി ഉൾപ്പെടെ അത്യാവശ്യ വിവരങ്ങൾ പോലും രേഖപ്പെടുത്തിയിട്ടില്ല. ഒരു മാസം മുൻപ് മഞ്ചേരിയിൽ പിടികൂടിയ കമ്പനിയുടെ ഓക്‌സീമീറ്റർ തന്നെയാണ് അണ്ടത്തോട് വിതരണം ചെയ്തിട്ടുള്ളതെന്ന് സൂചനയുണ്ട്.

ഇത് 499 രൂപയ്ക്ക് ഓൺലൈനിൽ ലഭിക്കും.1500 രൂപയാണ് ഓക്‌സീമീറ്ററിന്റെ പരമാവധി വിലയായി സർക്കാർ നിശ്ചയിച്ചിരുന്നത്. പിന്നീട് 1800 രൂപ ആയി ഉയർത്തി.

മാനദണ്ഡങ്ങൾ പാലിക്കാതെ ലോക്കൽ പർച്ചേസ് നടത്തിയതിലൂടെ വൻ ക്രമക്കേട് നടന്നതായും ആരോപണമുണ്ട്.

By Rathi N