തിരുവനന്തപുരം:
അംഗപരിമിതയായ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ കാർ വാങ്ങിയ മത്സ്യത്തൊഴിലാളി സ്ത്രീയുടെ കുടുംബത്തിന്റെ റേഷൻ മുൻഗണനാകാർഡ് റദ്ദാക്കിയതായി റിപ്പോര്‍ട്ട്. നീണ്ടകര സ്വദേശിയായ മത്സ്യത്തൊഴിലാളിയായ ഗംഗയാണ് പരാതിക്കാരി. 75 ശതമാനം അംഗപരിമിതയായ കുട്ടിയുടെ ചികിത്സാര്‍ത്ഥമാണ് കാര്‍ വാങ്ങിയതെന്ന് കുടുംബം പറയുന്നു.
ഭിന്നശേഷിക്ക് പുറമേ അപസ്‍മാരംകൂടിയുള്ള മകളെ ചികിത്സയ്ക്കായി കൊണ്ടുപോകാന്‍ പ്രയാസമാണെന്ന് കുടുംബം പറയുന്നു. ബസിലോ ട്രെയിനിലോ കൊണ്ടുപോകാന്‍ വലിയ ബുദ്ധിമുട്ടുള്ള സാഹചര്യത്തിലാണ് കാർ വാങ്ങിയത്. എന്നാല്‍ കാർ ഉടമ ആയതോടെ മുൻഗണനാവിഭാഗത്തിലുള്ള കാർഡ് സ്വയം ഒഴിവാക്കണമെന്ന് ഉദ്യോഗസ്ഥൻ ആവശ്യപ്പെടുകയായിരുന്നുവെന്നും അതോടെ മുൻഗണയില്ലാത്ത വെള്ളക്കാർഡായി മാറിയെന്നും കുടുംബം പറയുന്നു.
എന്തായാലും സംഭവം ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിലും എത്തിയിരിക്കുകയാണ്. മന്ത്രി ജി ആർ അനിലിന്റെ ഫോൺ ഇൻ പരിപാടിയിൽ കുടുംബം പരാതി നല്‍കി. ഇതിനെത്തുടർന്ന്, കാർഡ് മടക്കിനൽകുമെന്ന് മന്ത്രി അറിയിച്ചു.
ഇത്തരം കാര്യങ്ങളിൽ ഉദ്യോഗസ്ഥർ അനുഭാവപൂർവമായ നടപടി സ്വീകരിക്കണമെന്ന് വ്യക്തമാക്കിയ മന്ത്രി സുഖമില്ലാത്ത മകളെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് ഒരു കാർ എടുത്തെന്നുകരുതി മുൻഗണനാവിഭാഗത്തിൽനിന്ന് ഒഴിവാക്കില്ലെന്നും കുടുംബത്തെ അറിയിച്ചു.