കോട്ടയം:
വെള്ളപ്പൊക്ക ഭീഷണി ഉയർത്തി കോട്ടയത്തിൻ്റെ ‘എൻജിനീയറിങ് വിസ്മയം’. പുത്തനങ്ങാടി തൂമ്പിൽ പാലമാണ് അശാസ്ത്രീയ നിർമാണം കാരണം വെള്ളമൊഴുക്കിനു ഭീഷണിയാകുന്നത്. 23 മീറ്റർ മാത്രം നീളമുള്ള പാലം താങ്ങി നിർത്തുന്നതു തോടിൻ്റെ പകുതിയിലേറെ സ്ഥലം കയ്യടക്കിയ വലിയ തൂണ് ! ഫലത്തിൽ തൂണ് ഒരു തടയണയായി മാറി.
പാലത്തിൻ്റെ ഒരു ഭാഗത്ത് വെള്ളമുയരുന്നതിനും മറുഭാഗത്തു കുത്തൊഴുക്കിനും തൂണു കാരണമാകുന്നു. തോട്ടിലൂടെ ഒഴുകി വരുന്ന മാലിന്യവും പോളയും തൂണിൽ തടഞ്ഞു കിടക്കുന്നതു ഒഴുക്ക് തടസ്സപ്പെടുത്തുന്നു. പാലം നിർമിച്ചപ്പോൾ ബാക്കി വന്നതൊക്കെ ഇവിടെത്തന്നെയാണു തള്ളിയതെന്നു നാട്ടുകാർ പറയുന്നു.
ഈ ഭാഗത്തു തോട് വൃത്തിയാക്കാൻ ഉപകരണങ്ങൾ എത്തിക്കാനും സാധിക്കാറില്ല. 2018 ലെ പ്രളയത്തിൽ സമീപത്തെ വീടുകൾക്കു നാശനഷ്ടം സംഭവിച്ചിരുന്നു. വെള്ളത്തിന്റെ കുത്തൊഴുക്ക് പുതുതായി നിർമിച്ച കൽക്കെട്ടുകൾക്കും ഭീഷണിയാണ്. തോടിന്റെ തീരം ഇടിയാനും കാരണമാകുന്നു.