തൃശൂർ:
കുട്ടികളിലെ മാനസികാരോഗ്യം ഉറപ്പുവരുത്താനും വ്യക്തിത്വ വികാസത്തിനും സംരക്ഷണത്തിനും ഊന്നൽ നൽകാനും ജില്ലയിൽ ഒആർസി ജില്ലാ റിസോഴ്‌സ് സെന്റർ കലക്ടറേറ്റിൽ പ്രവർത്തനമാരംഭിച്ചു.
വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ നടപ്പാക്കിവരുന്ന “അവർ റസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ’ പദ്ധതിയുടെ ഭാഗമായാണ് ഒആർസി ജില്ലാ റിസോഴ്‌സ് സെന്റർ ആരംഭിച്ചത്. കലക്ടർ എസ് ഷാനവാസ് ഉദ്ഘാടനം നിർവഹിച്ചു.
രക്ഷിതാക്കൾക്കും അധ്യാപകർക്കും പൊതുസമൂഹത്തിനും കുട്ടികളോടുള്ള ഉത്തരവാദിത്തമാണ് ഇതിലൂടെ നടപ്പാക്കപ്പെടുന്നത്. ജില്ലയിലെ വിദ്യാലയങ്ങളിൽനിന്നും സ്കൂൾ കൗൺസിലർമാർ മുഖേന ജില്ലാ റിസോഴ്‌സ് സെന്ററിൽ വരുന്ന കുട്ടികൾക്ക് ശാരീരിക, മാനസിക, സാമൂഹികാരോഗ്യ വിഷയങ്ങളിൽ വിദഗ്ധ പരിചരണം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഇതോടെ സൗജന്യവും വിദഗ്ധവുമായ സേവനങ്ങൾ കുട്ടികൾക്ക് നൽകാനാകും.
18 വയസ്സിന് താഴെയുള്ള കുട്ടികൾക്കാണ് സേവനം ലഭിക്കുക. ജില്ലാ ഒആർസി റിസോഴ്‌സ് സെന്ററിന്റെ ഏകോപനത്താൽ നടത്തുന്ന പ്രവർത്തനം ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ മേൽനോട്ടത്തിലാണ് നടപ്പാക്കുന്നത്. ഒആർസി പ്രോജക്ട് അസിസ്റ്റന്റ്, ഒആർസി സൈക്കോളജിസ്റ്റ് എന്നിവരാണ് പ്രവർത്തിക്കുക.
ഇവയ്‌ക്കു പുറമെ ഒആർസിയുടെ കീഴിൽ നിയമിക്കുന്ന വിദഗ്ധ സൈക്കോളജിസ്റ്റിന്റെ മുഴുവൻസമയ സേവനവുമുണ്ടാകും. കലക്ടറേറ്റിന്റെ താഴത്തെ നിലയിലാണ് ഓഫീസ്. ഇവയ്ക്കു പുറമെ പരിശീലനം നൽകിയ കൗൺസിലർമാർ, ക്ലിനിക്കൽ/ അപ്ലൈഡ് സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, പീഡിയാട്രീഷ്യൻ, പരിശീലകർ, വിദഗ്ധർ തുടങ്ങിയവരുടെ റിസോഴ്‌സ് പൂളുകൾ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കും.
നിലവിൽ ജില്ലയിൽ ആകെ 28 സർക്കാർ സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കി വരുന്നത്. സ്വകാര്യ, എയ്ഡഡ് സ്കൂളുകളിലെ കുട്ടികൾക്ക് സ്കൂൾ കൗൺസിലർ മുഖേന സേവനത്തിനായ് ഒആർസി ജില്ലാ റിസോഴ്‌സ് സെന്ററിനെ സമീപിക്കാം.കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും സംരക്ഷണത്തിനും ആവശ്യമായ സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്ന ഏജൻസികളുടെ കോ ഓർഡിനേഷൻ സെന്ററായും പ്രവർത്തിക്കും.