Thu. Dec 19th, 2024
അങ്ങാടി:

ചവറംപ്ലാവ് ചെറുകിട ജലവിതരണ പദ്ധതിയുടെ നിർമാണം പുരോഗമിക്കുന്നു. ജലക്ഷാമം നേരിടുന്ന മേഖലകളിൽ ശുദ്ധജലം കിട്ടാൻ ഇനി അധിക കാലം കാത്തിരിക്കേണ്ടതില്ല. ‌ചിറക്കൽപടിക്കു സമീപം ഈട്ടിച്ചുവട് കളത്തൂർ ജോസഫ് എം തോമസ് സൗജന്യമായി നൽകിയ സ്ഥലത്താണ് പദ്ധതിക്കായി കിണറും പമ്പ് ഹൗസും പണിതിട്ടുള്ളത്.

തൃക്കോമലയാണ് സംഭരണി. കിണർ, പമ്പ്, സംഭരണി എന്നിവ ജില്ലാ പഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെ ഒന്നര വർഷം മുൻപ് നിർമിച്ചിരുന്നു. പമ്പ് ഹൗസിനെയും സംഭരണിയെയും ബന്ധിപ്പിച്ച് പ്രധാന പൈപ്പുകളും ജല വിതരണ കുഴലുകളും സ്ഥാപിക്കുന്ന പണിയാണ് ഇപ്പോൾ നടക്കുന്നത്.

ഇതു തീരുന്ന മുറയ്ക്ക് വൈദ്യുതി ലഭ്യമാക്കി മോട്ടർ സ്ഥാപിക്കും. ഒരു കോടിയോളം രൂപയാണ് ജില്ലാ പഞ്ചായത്ത് പദ്ധതിക്കായി മുടക്കുന്നത്. പദ്ധതിയുടെ തുടർന്നുള്ള നടത്തിപ്പിനായി ശുദ്ധജല വിതരണ സംഘം രൂപീകരിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എം മുഹമ്മദ് ഖാൻ പറഞ്ഞു. ജല സംഭരണിയുടെ അടിത്തറ 2.5 മീറ്റർ ഉയരത്തിൽ 8 ലക്ഷം രൂപ ചെലവഴിച്ച് സംഘമാണ് നിർമിച്ചത്.

ലക്ഷം ലീറ്റർ ശേഷിയുള്ള സംഭരണിയാണ് പണിതത്. ചവറംപ്ലാവ് വാർ‌ഡിലെ 400 കുടുംബങ്ങൾക്കും ഏഴോലി, മണ്ണാരത്തറ എന്നീ മേഖലകളിലെ ഇരുനൂറോളം കുടുംബങ്ങൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. നിലവിൽ അങ്ങാടി ജലപദ്ധതിയുടെ പരിധിയിലാണ് ഈ പ്രദേശങ്ങൾ. പൈപ്പ് പൊട്ടൽ അടക്കമുള്ള തകരാർ മൂലം പദ്ധതിയുടെ പ്രയോജനം പൂർണമായി ജനങ്ങൾക്ക് കിട്ടാറില്ല.

വേനൽക്കാലത്ത് പമ്പാനദിയിൽ ജലവിതാനം കുറയുന്നതും പദ്ധതിയുടെ പ്രവർത്തനത്തെ ബാധിക്കുന്നു.

By Divya