കൊച്ചി:
രണ്ടാം കൊവിഡ് തരംഗത്തെ തുടർന്ന് 53 ദിവസം നിർത്തിയ കൊച്ചി മെട്രോ വീണ്ടും സർവീസ് തുടങ്ങി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ് സർവീസ്. ആദ്യദിനത്തിൽ ആദ്യമണിക്കൂറുകളിലെ യാത്രികരുടെ തിരക്ക് പകൽ മുഴുവൻ ഉണ്ടായില്ലെങ്കിലും വരുംദിവസങ്ങളിൽ പൂർവസ്ഥിതിയിലെത്തുമെന്നാണ് പ്രതീക്ഷ.
വ്യാഴാഴ്‌ച പകൽ 11 വരെ രണ്ടായിരത്തോളം യാത്രക്കാരാണ് മെട്രോയിൽ യാത്ര ചെയ്‌തത്. വൈകിട്ട് അഞ്ചായപ്പോൾ യാത്രികൾ ആറായിരത്തിലെത്തി. മെട്രോ കാർഡുള്ള പതിവ് യാത്രക്കാരായിരുന്നു ഏറെയും.
കാർഡ് ഉപയോഗിച്ചുള്ള യാത്രക്കാരുടെ എണ്ണം ടിക്കറ്റെടുത്തുള്ള യാത്രികരേക്കാൾ വർധിച്ചിട്ടുമുണ്ട്. ഓഫീസുകളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും പ്രവർത്തനം പൂർണതോതിൽ ആരംഭിക്കുന്നതോടെമാത്രമേ മെട്രോയെ ആശ്രയിച്ചുള്ള യാത്ര പൂർവസ്ഥിതിയിലാകൂ. തിരക്കേറിയ സമയത്ത് 10 മിനിറ്റ് ഇടവേളകളിലും തിരക്ക് കുറവുള്ള സമയത്ത് 15 മിനിറ്റ് ഇടവേളകളിലും മെട്രോ ട്രെയിനുകൾ ഓടും.
കൊവിഡ് വ്യാപനം തടയുന്നതിന് കർശന മാനദണ്ഡങ്ങൾ പാലിച്ചാണ് സർവീസുകൾ. അകലം പാലിക്കുന്നതരത്തിൽ സീറ്റുകളിൽ ക്രമീകരണമുണ്ട്. യാത്രക്കാർക്കായി സാനിറ്റൈസറുകളും താപമാപിനിയും പ്രധാന സ്റ്റേഷനുകളിൽ തെർമൽ ക്യാമറയും ഒരുക്കിയിട്ടുണ്ട്.
രാവിലെ ഫോഗിങ്ങിനുശേഷമാണ് സർവീസ് ആരംഭിച്ചത്. ട്രെയിനുകൾ കഴുകി വൃത്തിയാക്കിയാണ് സർവീസ് അവസാനിപ്പിച്ചത്. സ്‌റ്റേഷനുകളിലും ട്രെയിനുകളിലും മെട്രോ സ്‌റ്റാഫിന്റെ നേതൃത്വത്തിൽ പരിശോധനയുമുണ്ടായിരുന്നു. എന്നാൽ, കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച കേസുകളൊന്നും കണ്ടെത്തിയില്ലെന്ന് അധികൃതർ പറഞ്ഞു.
ആലുവ സ്‌റ്റേഷനിൽനിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള പ്രത്യേക ബസ് സർവീസുകളും വ്യാഴാഴ്‌ച പുനരാരംഭിച്ചു.