Sat. Nov 23rd, 2024
ചിറ്റാർ:

കിഴക്കൻ വനമേഖയിൽ ഉത്ഭവിക്കുന്ന കക്കാട്ടാർ പമ്പാനദിയുടെ പോഷകനദിയാണ്. വനത്തിലെ കാട്ടരുവിയിൽനിന്നും മലമടക്കുകളിൽനിന്നും ഒഴുകിയെത്തി മൂഴിയാറിൽ ആരംഭിച്ച് ആങ്ങമൂഴി, സീതത്തോട്‌, ചിറ്റാർ, മണിയാർ വഴി പെരുനാട് പമ്പാനദിയിൽ ലയിക്കുന്നു.

ശബരിമല വനമേഖലയിലൂടെ ഒഴുകുന്ന കക്കാട്ടാറിലെ വെള്ളം ഉപയോഗപ്പെടുത്തി കിഴക്കൻ മേഖലയിൽ ആറ് ജലവൈദ്യുതി പദ്ധതിയാണ് പ്രവർത്തിക്കുന്നത്. കെഎസ്ഇബിയുടെ മൂഴിയാർ ശബരിഗിരി, സീതത്തോട്ടിൽ കക്കാട്, ഇഡിസിഎൽ കമ്പിനിയുടെ അള്ളുങ്കൽ, കാരികയം മുതലവാരം, കാർബോറാണ്ടം കമ്പിനിയുടെ മണിയാർ, കെഎസ്ഇബിയുടെ പെരുനാട്‌ എന്നിവ.

ശബരിഗിരി പ്രതിവർഷം 1338 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുള്ള വൈദ്യുതി ബോർഡിന്റെ പദ്ധതിയാണ് ശബരിഗിരി. പത്തനംതിട്ട ജില്ലയിലെ സീതത്തോട് പഞ്ചായത്തിൽ ആങ്ങമൂഴി–ഗവി റൂട്ടിലെ മൂയാറിൽ ആണ് പവർ ഹൗസ് നിർമിച്ചിട്ടുള്ളത്. 1966 ഏപ്രിൽ 18 ന്‌ പ്രവർത്തനം തുടങ്ങി.

പമ്പയിലും കക്കിയിലും അണക്കെട്ടുകൾ നിർമിച്ച് 3,200 മീറ്റർ നീളമുള്ള തുരങ്കംവഴി ബന്ധിപ്പിച്ചു. മൂഴിയാറിലെ പവർ ഹൗസിൽ പെൻസ്റ്റോക്ക് പൈപ്പുകൾ വഴി വെള്ളം എത്തിച്ച്‌ ആറ്‌ ജനറേറ്റർ ഉപയോഗിച്ച് ഉൽപാദനം നടത്തുന്നു. കേരളത്തിലെ രണ്ടാമത്തെ വലിയ ജലവൈദ്യുതി പദ്ധതിയാണിത്.

പദ്ധതിയിൽ അഞ്ച്‌ ജലസംഭരണിയും ഏഴ്‌ അണക്കെട്ടും ഉൾപ്പെടുന്നു.

By Divya