Sat. Jan 18th, 2025

പാലക്കാട് ∙

കൊവിഡ് കാലത്ത് ഹോട്ടലിലെ ഇരുന്നുള്ള ഭക്ഷണം നിലച്ചെങ്കിലും വാഹനത്തിന് അകത്തിരുന്ന് ആസ്വദിച്ചു ഭക്ഷണം കഴിക്കാൻ ‘ഇൻ കാർ ഡൈനിങ്’ പദ്ധതി ജില്ലയിലെ കെടിഡിസി ഹോട്ടലുകളിലും ആരംഭിച്ചു. കെടിഡിസിയുടെ മണ്ണാർക്കാട്ടെ ടാമറിന്റ്, ശ്രീകൃഷ്ണപുരം ആഹാർ എന്നിവിടങ്ങളിലാണ് ഈ സൗകര്യം. പാലക്കാട് നഗരത്തിലെ ചില സ്വകാര്യ ഹോട്ടലുകളിൽ ഇൻ കാർ ഡൈനിങ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു.

വാഹനങ്ങളിൽനിന്നു പുറത്തിറങ്ങുകയോ ഹോട്ടലുകളിൽ കയറുകയോ വേണ്ട. ഹോട്ടലിനു മുന്നിൽ വാഹനം നിർത്തി ഓർഡർ ചെയ്യുന്ന ഭക്ഷണം അതു വച്ചു കഴിക്കാനുള്ള സ്റ്റാൻഡ് സഹിതം കാറിനകത്തെത്തും. ഭക്ഷണത്തിന്റെ വിലയല്ലാതെ കൂടുതൽ പണം ഈടാക്കുന്നില്ല.

ആറു ഫുഡ് സ്റ്റാൻഡുകളാണ് മണ്ണാർക്കാടും ശ്രീകൃഷ്ണപുരത്തുമുള്ളത്. ആവശ്യക്കാർ കൂടുതലാണെങ്കിൽ ഇനിയും എത്തിക്കും. ജില്ലയിലെ മറ്റിടങ്ങളിലെ കെടിഡിസി ഹോട്ടലുകളിലും ഉടൻ പദ്ധതി ആരംഭിക്കും.

കെ പ്രേംകുമാർ എംഎൽഎ പദ്ധതി ഉദ്ഘാടനം ചെയ്തു. കെ രാജിക, കെടി പ്രതീഷ്, എം സുകുമാരൻ, ബിനു ഗോപാൽ എന്നിവർ പ്രസംഗിച്ചു

By Rathi N