Sat. Nov 23rd, 2024

കോഴിക്കോട്:

ഡോക്ടർമാരുടെ ദിവസത്തിൽ‍ സമ്മാനമായെത്തിയത് കൗതുകങ്ങളുടെ സ്റ്റെതസ്കോപ്പ്. റേഡിയോ മാംഗോയിലെ കോഴിക്കോട് സൂപ്പർഫാസ്റ്റിലേക്ക് വിളിച്ച അലീഷയെന്ന നഴ്സിങ് വിദ്യാർഥിനിയുടെ സ്വപ്നം യാഥാർഥ്യമാക്കാനുള്ള ആദ്യപടി. സ്റ്റെതസ്കോപ്പ് സമ്മാനമായി നൽകിയത് ബീച്ച് ആശുപത്രിയിലെ ഡോക്ടറാണ്.

കുട്ടിക്കാലം മുതൽ ഉള്ളിയേരി താനിയിൽ അലീഷ അനിൽ കാണുന്നത് ഒരേയൊരു സ്വപ്നമായിരുന്നു.ഡോക്ടറായി കഴുത്തിൽ സ്റ്റെതസ്കോപ്പ് ധരിച്ച് ആശുപത്രി വരാന്തയിലൂടെ നടന്നുവരുന്ന സ്വപ്നം. പക്ഷേ പ്രവേശനം കിട്ടിയത് നഴ്സിങ്ങിനാണ്. ഇപ്പോൾ കണ്ണൂർ ഗവ മെഡിക്കൽകോളജിലെ മൂന്നാംവർഷ നഴ്സിങ് വിദ്യാർഥിയാണ് അലീഷ.

ഇന്നലെ ഡോക്ടർ ദിനത്തോടനുബന്ധിച്ച് റേഡിയോ മാംഗോയിലെ കോഴിക്കോട് സൂപ്പർഫാസ്റ്റിലേക്ക് അലീഷ സ്റ്റെതസ്കോപ്പിനെയും വെള്ളക്കോട്ടിനെയും മനസ്സിനോടു ചേർത്തു പിടിക്കുന്ന തൻറെ കഥ വോയ്സ്ക്ലിപ്പായി അയച്ചു. ഇതുകേട്ട ബീച്ച് ആശുപത്രിയിലെ ഡോ പ്രജീഷ് റേഡിയോ മാംഗോയിലേക്ക് വിളിച്ചു. കൊവിഡ്കാലത്ത് ഡോക്ടർമാരെക്കാൾ മുന്നിട്ട് പ്രവർത്തിക്കുന്നത് നഴ്സുമാരാണ്.

അലീഷയുടെ ആഗ്രഹം വിടരുത്. ഇനിയും ശ്രമിക്കാൻ സമയമുണ്ട്. എന്നും തൻറെ മുറിയിൽ ഒരു പ്രചോദനമായി സൂക്ഷിക്കാൻ താൻ സ്റ്റെതസ്കോപ് സമ്മാനമായി നൽകുകയാണെന്നും അദ്ദേഹം റേഡിയോ മാംഗോയിലൂടെ അറിയിച്ചു. ഈ വിവരം കേട്ട അലീഷയും സുഹൃത്തുക്കളും ആവേശഭരിതരായി. തിങ്കളാഴ്ച അലീഷ നേരിട്ടെത്തി സ്റ്റെതസ്കോപ്പ് ഏറ്റുവാങ്ങും. ‘‘എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമ്മാനമാണിത്. എനിക്കിനിയും അവസരമുണ്ട് എന്ന് ചിന്തിച്ചാണ് എൻട്രൻസ് എഴുതാൻ പോവുന്നത്. നഴ്സിങ് പൂർത്തിയാക്കിയ ശേഷം വീണ്ടും മെഡിക്കൽ എൻട്രൻ‍സ് എഴുതും”. അലീഷ പറഞ്ഞു.