Sat. Jan 18th, 2025
പോത്തൻകോട്:

അനധികൃത നിർമാണം തടഞ്ഞതിന് പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് ടി ആർ അനിൽകുമാറിനെ ഓഫിസിലെത്തി ആറംഗ സംഘം ഭീഷണിപ്പെടുത്തിയെന്നു പരാതി. പോത്തൻകോട് പ‍ഞ്ചായത്തിലെ മേലെവിള വാർഡിൽ മണമേൽ ക്ഷേത്രത്തിനു സമീപം തണ്ണീർ തടങ്ങൾ നികത്തുന്നതായി പരാതി വന്നിരുന്നു. ഇതേ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും സ്ഥലത്തെത്തി പരിശോധിച്ചു. ചാലുകളിലുള്ള നിർമാണപ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയും കെട്ടിയുയർത്തിയ മതിൽ പൊളിക്കുകയും ചെയ്തു.

ഇക്കാര്യം വില്ലേജ് ഓഫിസറെയും കൃഷി ഓഫിസറെയും അറിയിക്കുകയും ചെയ്തിരുന്നു. ഇതിൽ കുപിതരായ സംഘം ഇന്നലെ വൈകിട്ട് 4 ഓടെ പഞ്ചായത്ത് ഓഫിസിലെത്തി ഭീഷണിപ്പെടുത്തുകയും ജോലി തടസ്സപ്പെടുത്തിയെന്നുമാണ് പരാതി. പഞ്ചായത്ത് പ്രസിഡന്റ് ഇതു സംബന്ധിച്ച് പോത്തൻകോട് പൊലീസിൽ പരാതി നൽകി.

മുൻപ് തെറ്റിയാർതോടിന്റെ ഉത്ഭവ സ്ഥാനമായ തെങ്ങനാംകോട് അ‍ഞ്ചേക്കർ ഭൂമി മണ്ണിട്ടു നികത്താനുള്ള നീക്കവും തടഞ്ഞിരുന്നു. തെറ്റിയാർ തോടിന്റെ ഉൾപ്പെടെ കയ്യേറ്റങ്ങൾക്കും അനധികൃത നിർമാണങ്ങൾക്കും എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.

By Divya