Thu. Jan 23rd, 2025

ആലപ്പുഴ:

സന്നദ്ധ പ്രവര്‍ത്തനത്തി​ന്റെ മറവില്‍ ചാരായം വാറ്റി വിൽപന നടത്തി ഒളിവിൽ പോയ യുവമോര്‍ച്ച നേതാവ്​ പിടിയിൽ‍.യുവമോര്‍ച്ച ജില്ല ഉപാധ്യക്ഷനും കുട്ടനാട് റെസ്‌ക്യൂ ടീം പ്രവര്‍ത്തകനുമായ അനൂപ് എടത്വയാണ് എടത്വ പൊലീസി​ന്റെ പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഹരിപ്പാട്ടുവെച്ചാണ് പ്രതിയെ പിടികൂടിയത്.

ബൈക്കില്‍ ചാരായം കടത്തിയതുമായി ബന്ധപ്പെട്ട് കോഴിമുക്ക് ജങ്​ഷനില്‍വെച്ച് രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പൊലീസ് കസ്​റ്റഡിയില്‍ എടുത്തിരുന്നു. ഇതേ തുടർന്നാണ്​ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തി​ന്റെ മറവില്‍ ചാരായം കടത്തുന്ന വിവരം പൊലീസ് മനസ്സിലാക്കുന്നത്.

ഇവരില്‍നിന്നാണ് പ്രധാന കണ്ണിയായി പ്രവര്‍ത്തിക്കുന്ന അനൂപിനെക്കുറിച്ച് കൂടുതല്‍ വിവരം ​പോലീസ് ശേഖരിച്ചത്. ഒളിവിലായ അനൂപ് മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചെങ്കിലും ലഭിച്ചില്ല. ഒരുമാസത്തിലേറെയായി പൊലീസിനെ വെട്ടിച്ച് നടക്കുകയായിരുന്നു. അനൂപിനെ ഭാരവാഹി സ്ഥാനത്ത്​ നിന്ന് നീക്കം ചെയ്​​െതന്ന വിശദീകരണവുമായി യുവമോര്‍ച്ച ജില്ല നേതൃത്വം രംഗത്ത്​ വന്നിട്ടുണ്ട്​.എടത്വ സിഐ പ്രതാപചന്ദ്രന്‍, എസ്‌ഐ ഷാംജി, സിപിഒമാരായ വിഷ്ണു, സനീഷ്, ശ്യാം, പ്രേംജിത്ത് എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി.

By Rathi N