മലപ്പുറം:
പരാതികൾ വർദ്ധിക്കുന്ന സാഹചര്യത്തിലും സ്ത്രീധന നിരോധന ഉദ്യോഗസ്ഥരെ (ഡൗറി പ്രൊഹിബിഷൻ ഓഫിസർ) നിയമിക്കാതെ അധികൃതർ. 1961ലെ സ്ത്രീധന നിരോധന നിയമത്തിലാണ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് നിഷ്കർഷിച്ചത്.
2017ൽ സാമൂഹികനീതി വകുപ്പിൽനിന്ന് വേർപ്പെടുത്തി ശിശു-വനിത വികസന വകുപ്പ് രൂപവത്കരിച്ച ശേഷം സംസ്ഥാനത്തെവിടെയും ഉദ്യോഗസ്ഥരെ നിയമിച്ചിട്ടില്ല. ഓരോ മാസവും 200 -250 ഗാർഹിക പീഡന കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. കൂടുതലും സ്ത്രീധനം സംബന്ധിച്ചാണ്. സാമൂഹികനീതി വകുപ്പ് വിഭജിക്കുന്നതിനു മുമ്പ് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സോണുകളിൽ സ്ത്രീധന നിരോധന ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. ഓരോ ജില്ലയുടെ ചുമതല അതത് വനിത- ശിശു വികസന ഓഫിസർക്കുമായിരുന്നു.
സംസ്ഥാന വനിത- ശിശു വികസന ഡയറക്ടർക്കാണ് ചീഫ് ഡൗറി പ്രൊഹിബിഷൻ ഓഫിസറുടെ ചുമതല. സ്ത്രീധനത്തിൻറെ ദോഷഫലങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുക, പരിശോധനയും അന്വേഷണവും നടത്തുക, പരാതികൾ രേഖപ്പെടുത്താൻ രജിസ്റ്ററുകൾ പരിപാലിക്കുക തുടങ്ങിയവയായിരുന്നു ചുമതല. സോണുകളിൽ മാത്രം ഉദ്യോഗസ്ഥരെ നിയമിച്ചാൽ സ്ത്രീധനം തടയാനാവില്ലെന്ന് വിദഗ്ധർ പറയുന്നു.
ബാലവിവാഹം തടയാൻ എല്ലാ ബ്ലോക്കുകളിലും ഉദ്യോഗസ്ഥരെ നിയമിച്ച രീതിയിൽ പ്രവർത്തനം വിപുലപ്പെടുത്തണമെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.