Mon. Dec 23rd, 2024

ആലപ്പുഴ:

തോട്ടപ്പള്ളി സ്‌പിൽവേയുടെ തകർന്ന ഏഴാം നമ്പർ ഷട്ടർ നന്നാക്കിയതിന്‌ പുറമേ മണൽച്ചാക്ക്‌ നിരത്തി പ്രതിരോധമുയർത്തി. ഓരുവെള്ളം കയറാതിരിക്കാനും ഷട്ടറിന്‌ ബലമേകാനും തിങ്കളാഴ്‌ചയാണ്‌ മണൽച്ചാക്ക്‌ അടുക്കി തുടങ്ങിയത്‌.ചൊവ്വാഴ്‌ ഉച്ചയോടെ പൂർണമായും അടുക്കിത്തീർത്തു.

കടലിൽനിന്നുള്ള ഓളമടിച്ചാണ്‌ കാലപ്പഴക്കമുള്ള ഷട്ടറുകളിലൊന്ന്‌ തകർന്നത്‌.
വയർ റോപ്പ്‌ പൊട്ടിയതിനെത്തുടർന്ന്‌ അടർന്നുമാറിയ ഷട്ടറിൽക്കൂടി ഓരുവെള്ളം ഇരച്ചുകയറിയത്‌ കുട്ടനാട്ടിലെ രണ്ടാംകൃഷിയിറക്കുന്ന കർഷകർക്ക്‌ വെല്ലുവിളിയായിരുന്നു.
തുടർന്ന്‌ ഇറിഗേഷൻ വകുപ്പിലെ മെക്കാനിക്കൽ വിങ് ഉടൻ അറ്റകുറ്റപ്പണിയാരംഭിച്ചു.

വിഷയത്തിൽ മന്ത്രി റോഷി അഗസ്‌റ്റിനും ഇടപെട്ടിരുന്നു. തകരാർ സംബന്ധിച്ച്‌ മന്ത്രിയാവശ്യപ്പെട്ട റിപ്പോർട്ട്‌ അടുത്ത ദിവസം കലക്‌ടർ കൈമാറും. 1984 മുതൽ അറ്റകുറ്റപ്പണി നടത്താത്തതിനാൽ ആകെയുള്ള 40 ഷട്ടറുകളിൽ ഭൂരിഭാഗത്തിനും കാര്യമായ ബലക്ഷയമുണ്ട്‌. ഷട്ടർ നവീകരണത്തിനായി വിളിച്ച ടെൻഡർ ബുധനാഴ്‌ചയാണ്‌ തുറക്കുക.

ആകെ 3.35 കോടിയുടേതാണ്‌ പദ്ധതി. തകരാറുള്ള ഷട്ടർ ഭാഗങ്ങൾ അറ്റകുറ്റപ്പണി നടത്തി ബലമുള്ളതാക്കുകയാണ്‌ ലക്ഷ്യം. പണിതീരാൻ രണ്ടുവർഷം വരെ എടുത്തേക്കുമെന്നാണ്‌ ഇറിഗേഷൻവകുപ്പ്‌ അധികൃതർ പറയുന്നത്‌.
അതേസമയം കടലിൽനിന്ന്‌ ക്രമാതീതമായി തിരയടിച്ച്‌ കനാലിലേക്ക്‌ ഓരുവെള്ളമെത്തുന്നുണ്ടെങ്കിലും മണൽച്ചാക്കടുക്കിയുള്ള പ്രതിരോധം ഫലം കാണുമെന്നാണ്‌ വകുപ്പിന്റെ പ്രതീക്ഷ.

By Rathi N