Mon. Dec 23rd, 2024
പൊൻകുന്നം:

‘‘മറ്റുള്ളവർക്ക്‌ അന്നം വിളമ്പുന്നവരാണ്‌ ഞങ്ങൾ, പക്ഷേ ഇങ്ങനെ ഇനി എത്രനാൾ മുന്നോട്ട് പോകാൻ കഴിയും’’ ചിറക്കടവിൽ വീടിനോട് ചേർന്ന് മീനൂസ് ഹോട്ടൽ നടത്തുന്ന ഇല്ലത്തുപറപ്പള്ളിൽ ഇ എസ് സുനീഷിന്റെ വാക്കുകളിൽ നിഴലിക്കുന്നത്‌ നാളെ എന്തെന്നുള്ള ചിന്ത. പെട്രോൾ വിലവർധന ഹോട്ടൽ മേഖലയെയും ഉലയ്‌ക്കുന്നു. നിത്യച്ചെലവിനായി ചെറിയനിലയിൽ ഹോട്ടൽ നടത്തുന്നവരെ ഇന്ധനവില വർധന സാരമായി ബാധിച്ചിരിക്കുകയാണ്.

പന്ത്രണ്ട് വർഷമായി കട നടത്തുന്ന സുനീഷ്‌ ഇതുവരെ നേരിട്ടിട്ടില്ലാത്ത വെല്ലുവിളിയാണ് ഇപ്പോൾ ഉണ്ടാകുന്നതെന്ന്‌ പറയുന്നു. ഇടത്തരം ഹോട്ടൽ ആയതിനാൽ സാധനങ്ങൾ ഒരുപാട് വാങ്ങി സൂക്ഷിക്കാറില്ല. അന്നന്നത്തേക്കുള്ളത്‌ പൊൻകുന്നത്തോ കാഞ്ഞിരപ്പള്ളിയിലോ പോയി വാങ്ങുന്നതാണ് പതിവ്.

പെട്രോൾവില നൂറ് കടന്ന് നിൽക്കുമ്പോൾ സാധനം വാങ്ങാൻ പോകുന്നതിന്റെ ചെലവും വൻതോതിൽ ഉയർന്നു. സാധനങ്ങൾക്കാകട്ടെ ദിവസേനയെന്നപോൽ വില കൂടുന്നു. യാത്രാച്ചെലവും സാധനങ്ങളുടെ തുകയും മറ്റ് ചെലവുകളുമായി നോക്കുമ്പോൾ വളരെ കുറഞ്ഞ വരുമാനം മാത്രമാണ് ലഭിക്കുക.

ആഹാരത്തിന് വിലകൂട്ടി വിൽക്കാനും കഴിയില്ല. കുടുംബാംഗങ്ങൾ കൂടി സഹായിക്കുന്നതിനാൽ മറ്റൊരാൾക്ക് കൂലി നൽകേണ്ടതില്ലെങ്കിലും അധ്വാനത്തിനുള്ളത് വരുമാനമായി ലഭിക്കുന്നില്ലെന്ന്‌ സുനീഷ്‌ പറഞ്ഞു. വരുമാനത്തിൽ വലിയ തോതിലുള്ള കുറവാണ് പെട്രോൾ വിലവർധന ഇടത്തരം ഹോട്ടലുകാർക്ക് സമ്മാനിക്കുന്നത്.

ജോലിക്കാരുണ്ടെങ്കിൽ അവർക്ക് കൂലികൂടി നൽകുമ്പോൾ പോക്കറ്റിൽ മിച്ചമൊന്നും കാണില്ല. സമ്പാദ്യമായല്ല, വീട്ടുചെലവുകൾക്കാവശ്യമായ തുകപോലും മാറ്റിവയ്ക്കാൻ ഈ മേഖലയിലുള്ളവർക്ക് കഴിയാറില്ല. കുട്ടികളുടെ വിദ്യാഭ്യാസം, ലോൺ തിരിച്ചടവുകൾ എല്ലാം കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുകയാണ് ഇത്തരക്കാർ. കുടുംബചെലവിന് കടം വാങ്ങേണ്ടി വരുമോ എന്ന ആശങ്കയിലാണ് ഇവർ.

By Divya