Mon. Dec 23rd, 2024
കോഴഞ്ചേരി:

കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ അവസാന കാലത്ത് ആറന്മുളയ്ക്കു പ്രഖ്യാപിച്ച അഗ്നിരക്ഷാ യൂണിറ്റ് യാഥാർഥ്യമാകുമോ? കഴിഞ്ഞ ഫെബ്രുവരിയിലാണ് സർക്കാർ പ്രഖ്യാപനം വന്നത്. മേഖലയിലുള്ളവരുടെ വർഷങ്ങളായുള്ള ആവശ്യത്തിനാണ് പ്രഖ്യാപനത്തിലൂടെ താൽക്കാലിക ആശ്വാസം ലഭിച്ചത്.

പ്രഖ്യാപനം കഴിഞ്ഞെങ്കിലും പിന്നീട് നിയമസഭ തിരഞ്ഞെടുപ്പും കോവിഡ് വ്യാപനവും ലോക്ഡൗണും കാരണം തുടർ നടപടികൾ ഒന്നും തന്നെ ഉണ്ടായില്ല. സ്ഥലം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ പഞ്ചായത്തുകൾ ആരംഭിച്ചു. കോഴഞ്ചേരി–ആറന്മുള പഞ്ചായത്തുകൾ സ്ഥലം വിട്ടുകൊടുക്കാൻ മുന്നോട്ട് വന്നിരുന്നു.

ഉത്തൃട്ടാതി ജലോത്സവവും മറ്റും മുൻ നിർത്തി ആറന്മുള പഞ്ചായത്തിൽ തന്നെ അഗ്നിശമന സേനാ യൂണിറ്റ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രമേയം പാസാക്കുകയും ചെയ്തു. കൂടാതെ സത്രക്കടവിന് സമീപത്ത് ഇപ്പോഴത്തെ താൽക്കാലിക പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നതിന്റെ പിന്നിലായി സ്ഥലവും കണ്ടെത്തി. ഒരേക്കറോളം വരുന്ന ഇവിടെ പൊലീസ് ക്വാർട്ടേഴ്സും ട്രാഫിക് പാർക്കുമാണു നിലവിലുള്ളത്.

ഈ വസ്തു ആഭ്യന്തര വകുപ്പിന്റെ അധീനതയിലാണ്. പഴയ പൊലീസ് സ്റ്റേഷൻ പൊളിച്ച് മാറ്റിയിട്ട് അവിടെ ഇപ്പോൾ പുതിയ സ്റ്റേഷന്റെ നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. പൊലീസ് സ്റ്റേഷൻ നിർമാണം പൂർത്തിയാകുന്ന മുറയ്ക്കു സത്രക്കടവിന് സമീപത്തെ താൽക്കാലിക സ്റ്റേഷൻ അവിടേക്ക് മാറ്റും.

ഇതോടെ ഇവിടം അഗ്നിശമന സേനയ്ക്ക് ഉപയോഗിക്കാൻ കഴിയുമെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. ഇത് സംബന്ധിച്ച് രേഖാമൂലം പഞ്ചായത്ത് അധികൃതർ എംഎൽഎ ഉൾപ്പെടെയുള്ളവർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. എങ്കിലും ആഭ്യന്തര വകുപ്പിന്റെ അനുമതി ഉണ്ടെങ്കിൽ മാത്രമേ ഇവിടെ അഗ്നിശമന സേനാ യൂണിറ്റിന് വിട്ടുനൽകാൻ കഴിയൂ.

By Divya