Mon. Dec 23rd, 2024

കൽപ്പറ്റ:

ജില്ലയിലെ ടൂറിസം മേഖലകളെ പൂർണമായി കോവിഡ് വാക്‌സിനേഷൻ ചെയ്യിക്കാൻ തീരുമാനം. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്, ആരോഗ്യ മന്ത്രി വീണാ ജോർജ്‌ എന്നിവരുടെ നിർദേശ പ്രകാരമാണ് ഈ തീരുമാനം. ആദ്യഘട്ടത്തിൽ വൈത്തിരി പഞ്ചായത്തിലും രണ്ടാംvaccination ഘട്ടത്തിൽ മേപ്പാടി പഞ്ചായത്തിലുമാണ് പൈലറ്റ് പദ്ധതിയായി പ്രത്യേക വാക്‌സിനേഷൻ ക്യാമ്പയിൻ നടത്തുക.

ടൂറിസ്റ്റുകളുമായി ഇടപഴകേണ്ടി വരുന്ന എല്ലാ ജോലിക്കാരെയും വാക്‌സിനേഷൻ നടത്തും. വാക്‌സിനെടുക്കാത്ത ഹോട്ടൽ- റിസോർട്ട്- ഹോം സ്റ്റേ- സർവീസ്ഡ് വില്ല ജീവനക്കാർ, ഡ്രൈവർമാർ, ടൂറിസ്റ്റ് ഗൈഡുകൾ, പോർട്ടർമാർ, കച്ചവടക്കാർ തുടങ്ങി എല്ലാ ടൂറിസം മുന്നണി പ്രവർത്തകരെയും പൂർണമായും വാക്സിനേറ്റ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. വൈത്തിരി, മേപ്പാടി എന്നീ പഞ്ചായത്തുകളിലെ 18 വയസ്സിന്‌ മുകളിൽ പ്രായമുള്ളവർക്കാണ് മുൻഗണന. കൊവിഡ് വ്യാപനം കാരണം ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനത്തിന് നിയന്ത്രണമുണ്ടെങ്കിലും അടുത്ത സീസൺ മുൻകൂട്ടി കണ്ടാണ് നടപടികൾ.

ഇത് സംബന്ധിച്ച് ചേർന്ന ഓൺലൈൻ യോഗത്തിൽ കലക്ടർ ഡോ അദീല അബ്ദുള്ള അധ്യക്ഷയായി. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് വിജേഷ്, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ്‌ ഓമന രമേശ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ആർ രേണുക, ആർസിഎച്ച് ഓഫീസർ ഡോ ഷിജിൻ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പ്രഭാത് ഡി വി, ഡിടിപിസി സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന വി മുഹമ്മദ് സലീം, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ മുഹമ്മദ്, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.