Thu. Dec 26th, 2024
തിരുവനന്തപുരം:

മരം കൊള്ളയിൽ റവന്യു വകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്ന വനം വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് സർക്കാരിനു മുന്നിൽ. മൂന്നാഴ്ചയിലേറെ നീണ്ട അന്വേഷണത്തിനു ശേഷം വനം പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹയാണു വനം മന്ത്രി എ കെ ശശീന്ദ്രനു റിപ്പോർട്ട് സമർപ്പിച്ചത്. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു തുടർ നടപടി സ്വീകരിക്കുമെന്നു മന്ത്രി അറിയിച്ചു.

റിപ്പോർട്ടിലെ കണ്ടെത്തലുകൾ എഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും പരിശോധിക്കും. അവരുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാവും നടപടികൾ. മുറിക്കാൻ അനുമതിയില്ലാത്ത രാജകീയ വൃക്ഷങ്ങളാണു റവന്യു വകുപ്പിന്റെ വിവാദ ഉത്തരവിന്റെ മറവിൽ മുറിച്ചതെന്നും നൂറ്റാണ്ടിലേറെ പ്രായമുള്ള മരങ്ങൾ പോലും മുറിച്ചു കടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.

മരം കൊള്ള തടയുന്നതിലും കേസുകൾ റജിസ്റ്റർ ചെയ്യുന്നതിലും വില്ലേജ് ഓഫിസർ മുതലുള്ള റവന്യു ഉദ്യോഗസ്ഥർ ഗുരുതര വീഴ്ച വരുത്തിയെന്നാണു കണ്ടെത്തൽ. കടത്തിയവ തിരിച്ചു പിടിക്കുന്നതിലും വീഴ്ചയുണ്ടായി. പക്ഷേ വനം വകുപ്പിലെ 3 റേഞ്ച് ഓഫിസർമാരെ മാത്രമേ റിപ്പോർട്ട് കുറ്റപ്പെടുത്തുന്നുള്ളൂ.

നേര്യമംഗലം, അടിമാലി, മച്ചാട് റേഞ്ച് ഓഫിസർമാരായ ഇവർക്കെതിരെ നടപടിക്കു ശുപാർശയുണ്ട്. അടിമാലി റേഞ്ച് ഓഫിസർ മാത്രമാണു നിലവിൽ അവിടെ തുടരുന്നത്. നേര്യമംഗലം റേഞ്ച് ഓഫിസർ സ്ഥലം മാറിപ്പോയി.

മച്ചാട് റേഞ്ച് ഓഫിസറായിരുന്നയാൾ മരിച്ചു. മരംമുറി നടന്നതു പട്ടയഭൂമിയിൽ ആയതിനാൽ വെട്ടുന്ന മരങ്ങൾ കൊണ്ടു പോകാൻ പാസ് നൽകുന്ന ഉത്തരവാദിത്തമേ വനം വകുപ്പിനുള്ളൂ. മതിയായ പരിശോധന ഇല്ലാതെ പാസ് നൽകിയതിലാണു വനം വകുപ്പിനു വീഴ്ച സംഭവിച്ചത്.

By Divya