കോട്ടയം:
അര്‍ഹതയില്ലാതെ മുന്‍ഗണന റേഷന്‍ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് പൊതുവിഭാഗത്തിലേക്ക് കാര്‍ഡ് മാറ്റുന്നതിനുള്ള സമയപരിധി ബുധനാഴ്ച അവസാനിക്കും. ഇതിനുശേഷവും പി എച്ച്എച്ച് (പിങ്ക്), എ എ വൈ(മഞ്ഞ), എന്‍ പി എസ് (നീല) കാര്‍ഡുകള്‍ അനര്‍ഹമായി ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ല സപ്ലൈ ഓഫിസര്‍ ഉണ്ണികൃഷ്ണകുമാര്‍ അറിയിച്ചു.
ഇവരുടെ റേഷന്‍ കാര്‍ഡ് റദ്ദാക്കുകയും വാങ്ങിയ സാധനങ്ങളുടെ വിപണി വില പിഴയായി ഈടാക്കുകയും ചെയ്യും. ഉദ്യോഗസ്ഥരാണെങ്കില്‍ വകുപ്പുതല നടപടികള്‍ക്ക് പുറമേ ക്രിമിനല്‍ നടപടികളും നേരിടേണ്ടിവരും. സാമ്പത്തികമായി മുന്നാക്കം നില്ക്കുന്ന നിരവധി പേര് അനര്‍ഹമായി മുന്‍ഗണന കാര്‍ഡുകള്‍ കൈവശം വെച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇങ്ങനെയുള്ളവര്‍ക്ക് സ്വയം ഒഴിവാകാൻ സര്‍ക്കാര്‍ സമയപരിധി നിശ്ചയിച്ചത്.
ഈ സമയപരിധിക്കുള്ളില്‍ പൊതു വിഭാഗത്തിലേക്ക് മാറുന്നതിന് അപേക്ഷ നല്‍കുന്നവര്‍ക്ക് പിഴയടക്കുകയോ ശിക്ഷാനടപടികള്‍ നേരിടുകയോ വേണ്ടതില്ല.