തിരുവനന്തപുരം:
കോവിഡ് വാർഡിലെ ഒറ്റപ്പെടലിൽനിന്ന് ആശ്വാസം ആഗ്രഹിച്ചവർക്ക് ‘വീട്ടുകാരെ വിളിക്കാം’ പദ്ധതി അനുഗ്രഹമായി. മെഡിക്കൽ കോളജിലെ രോഗികളാണ് വിഡിയോ കോളിലൂടെ ബന്ധുക്കളുമായി വിശേഷങ്ങൾ പങ്കുവെച്ചത്. മന്ത്രി വീണ ജോർജ് പദ്ധതി ഉദ്ഘാടനം ചെയ്തു.
രോഗത്തിൻ്റെയും വീട്ടുകാരിൽനിന്ന് അകന്നുനിൽക്കുന്നതിൻ്റെയും അസ്വസ്ഥതകളിൽ കഴിഞ്ഞിരുന്ന രോഗികൾക്ക് പുത്തനുണർവ് നൽകിയിരിക്കുകയാണ് മെഡിക്കൽ കോളജ് അലുമ്നി അസോസിയേഷൻ്റെ സഹകരണത്തോടെ ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയ പദ്ധതി.
വൈകീട്ട് മൂന്നുമുതൽ രണ്ട് മണിക്കൂറോളം രോഗികൾക്ക് സ്വന്തം വീട്ടിലെന്ന പോലെ കുടുംബാംഗങ്ങളുമായി വിശേഷങ്ങൾ പങ്കുവെക്കാം. രണ്ട് മണിക്കൂർ എന്നത് മൂന്നര മണിക്കൂർ വരെ നീളാറുണ്ട്. പുതിയ അത്യാഹിതവിഭാഗത്തിന് സമീപത്തെ വിവരാന്വേഷണ കേന്ദ്രത്തിൽ മൂന്ന് ജീവനക്കാരുടെ മേൽനോട്ടത്തിലാണ് രോഗികളും വീട്ടുകാരും തമ്മിൽ വീഡിയോ കോളിലൂടെയുള്ള കൂടിക്കാഴ്ചക്ക് അവസരം ഒരുക്കുന്നത്.
ദിവസം 40 രോഗികൾക്കുവരെ വിഡിയോ കോൾ വഴി ബന്ധുക്കളോട് സംസാരിക്കാൻ അവസരം ലഭിക്കുന്നുണ്ട്.