Fri. Nov 22nd, 2024
അഞ്ചൽ:

വെസ്​റ്റ്​ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുടെയും പി ടി എയുടെയും നാട്ടുകാരുടെയും ചിരകാല സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. കുട്ടികളുടെ എണ്ണത്തിലും പഠനനിലവാരത്തിലും ജില്ലയിൽ ഏറെ മുന്നിൽ നിൽക്കുന്ന അഞ്ചൽ വെസ്​റ്റ്​ ഗവ ഹയർ സെക്കൻഡറി സ്കൂളിന് സ്വന്തമായി കളിസ്ഥലമായി.

സ്കൂളിനോട് ചേർന്ന 21 സെൻറ്​ സ്ഥലം ഇതിനായി വാങ്ങി. ബാക്കിയുള്ള 18 സെൻറ്​ പുരയിടം കൂടി വാങ്ങുന്നതിന്​ അഡ്വാൻസ്​ നൽകി കരാറെഴുതിക്കഴിഞ്ഞു. ഒരു വർഷത്തിനകം ഇടപാട്​ പൂർത്തിയാകും. 2015 ജൂൺ ആറിന് അന്നത്തെ സംസ്ഥാന ഗവർണർ ജസ്​റ്റിസ് പി സദാശിവം ഉദ്ഘാടനം ചെയ്ത, രണ്ട് വർഷം നീണ്ടുനിൽക്കുന്ന സ്കൂൾ ഗോൾഡൻ ജൂബിലിയുടെ ഭാഗമായുള്ള പദ്ധതിയായിരുന്നു സ്കൂളിന് സ്വന്തമായി കളിസ്ഥലം യാഥാർഥ്യമാക്കുക എന്നത്​.

ഇതിനായി സമ്പത്ത് കണ്ടെത്തുന്നതിന്​ പി ടി എയുടെ നേതൃത്വത്തിൽ ആരംഭിച്ച സമ്പാദ്യക്കുടുക്കയിലൂടെ അഞ്ചാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള മൂവായിരത്തോളം കുട്ടികൾ രണ്ട് വർഷം കൊണ്ട് സമാഹരിച്ചതും അധ്യാപകരും രക്ഷാകർത്താക്കളും നൽകിയ സംഭാവനകളും ഉൾപ്പെടെ 15,22,200 രൂപ ഉപയോഗിച്ചാണ്​ ആദ്യഘട്ടമായി 21 സെൻറ്​ സ്ഥലം വാങ്ങിയത്.

പി ടി എ പ്രസിഡൻറ്​ കെ ബാബു പണിക്കർ, വൈസ് പ്രസിഡൻറ് കെ ജി ഹരി, പ്രിൻസിപ്പൽ ഡോ സി മണി, ഹെഡ്മാസ്​റ്റർ ജിലു കോശി, സമീന എന്നിവർ രേഖകൾ ഏറ്റുവാങ്ങൽ ചടങ്ങിൽ പ​ങ്കെടുത്തു.

By Divya