Mon. Dec 23rd, 2024
തിരുവനന്തപുരം:

ചാക്കയ്ക്ക് സമീപം യുവാവിനെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പേട്ട സ്വദേശി സമ്പത്ത് ആണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന് പിന്നിൽ ലഹരിമാഫിയ എന്നും സംശയമുണ്ട്.

രാവിലെ 5 മണിയോടാണ് സമ്പത്തിനെ ചാക്കയ്ക്ക് സമീപത്തെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തിനും കാലിലും കുത്തേറ്റ നിലയിലാണ് മൃതദേഹം. ടാക്‌സി ഡ്രൈവറാണ് സമ്പത്ത്.

പുലർച്ചെ രണ്ട് മണിക്ക് സമ്പത്തിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ സനലും സജാദും പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിച്ചു.

ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കൊലപാതക വിവരം പുറത്തു വരികയായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തിയപ്പോഴേക്കും സമ്പത്ത് കൊല്ലപ്പെട്ടിരുന്നു. ഫോറൻസിക്ക് ഉദ്യോഗസ്ഥരും, ഡോഗ് സ്‌ക്വാഡിനെയും സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

കസ്റ്റഡിയിലായ സജാദിനെ കഞ്ചാവ് കേസിൽ കുടുക്കിയ വൈരാഗ്യത്തിലാണ് സമ്പത്തിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം.

By Divya