പത്തനംതിട്ട:
സ്കൂൾ ബസുകൾ കട്ടപ്പുറത്തായിട്ട് ഒന്നര വർഷമാകുന്നു. കോവിഡ് പ്രതിസന്ധിയിൽ വിദ്യാലയങ്ങൾ തുറക്കാതെ തുടർച്ചയായ രണ്ടാം വർഷവും അധ്യയനം നടക്കുമ്പോൾ സ്കൂൾബസുകളിൽ ഏറെയും ഓടാതെ നശിക്കുന്നു. വരുമാനം ഇല്ലാത്തത് കാരണം ബസുകളുടെ സംരക്ഷണം സ്കൂൾ അധികൃതർക്ക് വലിയ ബാധ്യതയായിട്ടുണ്ട്.
ഓട്ടം നടക്കാത്തതിനാൽ സ്റ്റോപ്പേജ് നൽകി വലിയ സാമ്പത്തികബാധ്യത വരാതെ ചില സ്കൂളുകൾ പ്രതിസന്ധി മറികടന്നെങ്കിലും ബാറ്ററി, ടയർ ഉൾപ്പെടെയുള്ളവ ഉപയോഗശൂന്യമായിട്ടുണ്ട്. കോവിഡ് ആരംഭിച്ചതോടെ സ്കൂളുകളുംഅടച്ചിടുകയായിരുന്നു. ഇതോടെ ബസ് ജീവനക്കാരും പ്രതിസന്ധിയിലായി.
ഒന്നര വർഷമായി ജീവനക്കാരുടെ വരുമാനം നിലച്ചിട്ട്. അൺഎയ്ഡഡ്, എയ്ഡഡ്, സർക്കാർ സ്കൂളുകളിലായി നിരവധി ഡ്രൈവർമാർ ഈ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നുണ്ട്. പിന്നെ ആയമാരും. അൺഎയ്ഡഡ് മേഖലയിലെ സ്കൂളുകളിലാണ് കൂടുതൽ പേരും ജോലി ചെയ്യുന്നത്.
സർക്കാർ മേഖലയിൽ ഏതാനും സ്കൂളുകളിൽമാത്രമാണ് സ്വന്തമായി ബസുകളുള്ളത്. സ്കൂൾ പി ടി എകളുടെ നേതൃത്വത്തിൽ സംഭാവന ശേഖരിച്ചാണ് സർക്കാർ സ്കൂളുകളിൽ ഡ്രൈവർമാർക്ക് വേതനം നൽകാൻ പണംകണ്ടെത്തുന്നത്. അൺഎയ്ഡഡ് സ്കൂളുകളിൽ കുട്ടികളിൽനിന്നും പിരിച്ചെടുക്കുന്ന തുകകൊണ്ടാണ് ജീവനക്കാർക്ക് ശമ്പളം നൽകുന്നത്.